കൊച്ചി : കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ കവലയിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ക്‌ളോവർ ലീഫ് ഫ്ളൈ ഓവർ സ്ഥലമെടുപ്പിലെ ദുരൂഹതകൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കുടിയിറക്ക് വിരുദ്ധ സമിതി രംഗത്ത്. ജനസാന്ദ്രതയേറിയ ചേരാനല്ലൂരിൽ ഇത്തരം പദ്ധതി നടപ്പാക്കാൻ നടപടി ക്രമങ്ങൾ ദേശിയ പാത അതോറിറ്റി പാലിച്ചിട്ടില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
ആദ്യം ഇറക്കിയ വിജ്ഞാപനം പ്രകാരം 36 ഏക്കർ സ്ഥലമാണ് ആവശ്യമുള്ളത്. സ്ഥലമെടുപ്പിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും മറ്റു അധികാരികൾക്കും പരാതി നൽകിയതോടെ നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. രണ്ടാഴ്ച മുമ്പ് വീണ്ടും സ്ഥലമെടുപ്പ് നടപടിയുമായി ദേശീയ പാത അതോറിറ്റി രംഗത്തുവന്നു. സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് നിർമ്മാണത്തിന് അനുമതി നേടിയെടുത്തത്.
പത്തു വർഷം മുൻപ് തമിഴ്നാട്ടിലെ കത്തിപ്പാറയിലെ ക്‌ളോവർ ലീഫ് പാലം നിർമ്മിക്കാൻ ആകെ ആവശ്യമായി വന്നത് 13 ഏക്കർ സ്ഥലമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്‌ളോവർ ലീഫ് പാലമാണ് കത്തിപ്പാറയിലേത്. ചേരാനെല്ലൂരിലെ പാലത്തിനു 36 ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സമരസമിതി ആരോപിച്ചു.
സമരസമിതി ജനറൽ സെക്രട്ടറി എൻ.എച്ച അബ്ദുൽ സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ഷബീർ മുഹമ്മദ്, കെ.എസ്. ഷാലു, അബ്ദുൾ റഹ്മാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.