കൊച്ചി : ബ്രഹ്മപുരത്തെ ജൈവമാലിന്യത്തിൽ നിന്ന് കൊച്ചി മെട്രോ ഉദ്യാനം ഒരുക്കി. എം.ജി. റോഡിൽ പത്മ തിയേറ്ററിന് സമീപം മീഡിയനിൽ നടത്തിയ ആദ്യ പരീക്ഷണം വിജയിച്ചതോടെ കലൂരിൽ മെട്രോയുടെ 602 മുതൽ 606 വരെ പില്ലറുകൾക്കിടയിലെ മീഡിയനിൽ ബ്രഹ്മപുരത്തെ കമ്പോസ്റ്റ് ഉപയോഗിച്ച് ഉദ്യാനം ഒരുക്കുന്ന പ്രവർത്തനങ്ങൾ മുന്നേറുന്നു.
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ സഹായത്തോടെയാണ് കെ.എം.ആർ.എൽ ഇവിടം ഹരിതാഭമാക്കുന്നത്. കൊച്ചിയുടെ ശാപമായി മാറിയ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനുള്ള ഉദ്യമത്തിന് മറ്റ് സ്വകാര്യ ഏജൻസികളുടെ സഹായം തേടാനാണ് കെ.എം.ആർ.എല്ലിന്റെ നീക്കം.
മീഡിയനിൽ ചെടികൾ വച്ചുപിടിപ്പിക്കാൻ ആലോചിച്ച കാലത്ത് മെട്രോ അധികൃതർ ജൈവമാലിന്യത്തിന് കോർപ്പറേഷനെ സമീപിച്ചിരുന്നെങ്കിലും ആധുനിക പ്ളാന്റിന് വളം നൽകാൻ കരാറുണ്ടെന്ന കാരണം പറഞ്ഞ് അഭ്യർത്ഥന നിരസിച്ചു. ആരോഗ്യ സ്ഥിരം സമിതിയുടെ ഇടപെടലിനെ തുടർന്നാണ് പ്ളാന്റിലെ മാലിന്യം മെട്രോയ്ക്ക് നൽകാൻ കോർപ്പറേഷൻ അടുത്ത കാലത്ത് തീരുമാനിച്ചത്. പെലിക്കൻ ബയോടെക് ആൻഡ് കെമിക്കൽ ലാബ് എന്ന ഏജൻസിയാണ് മാലിന്യത്തെ ഉദ്യാനമാക്കി മാറ്റുന്ന പ്രവൃത്തി ഏറ്റെടുത്തത്.
# ഒഴിവാകുന്നത് കെട്ടിക്കിടക്കുന്ന മാലിന്യം
പ്ലാന്റിലും പരിസരത്തുമായി അവശേഷിക്കുന്ന മാലിന്യങ്ങളും കമ്പോസ്റ്റുമാണ് മീഡിയനിലെ അലങ്കാര ചെടികൾക്ക് വളമാകുന്നത്. ഇത് 90,000 ടണ്ണോളം വരും.
# മാലിന്യം അടിത്തറയാകും
1 ആലുവ മുതൽ പേട്ട വരെ 1500 മീഡിയനുകൾ
2 ഒരു മീഡിയനിലെ ചെടികൾക്ക് വളമാക്കാൻ 10,000 കിലോ വളം .
3 പ്ലാന്റിലെ മാലിന്യങ്ങൾ മീഡിയനിലെത്തിച്ച് കുഴിച്ചുമൂടും.
4 ദുർഗന്ധം ഒഴിവാക്കാൻ രാസവസ്തുക്കൾ ചേർക്കും.
5 15- 20 ദിവസം കഴിയുമ്പോൾ ഇത് നടീൽവസ്തുവാകും.ഇതിന് മീതേ ചെടികൾ വച്ചുപിടിപ്പിക്കും.
ആറു മാസം കഴിഞ്ഞാൽ വീണ്ടും കമ്പോസ്റ്റ് നിറയ്ക്കും.
#കി.ലോ 2.20 രൂപ
ബ്രഹ്മപുരത്തു നിന്ന് മാലിന്യം എത്തിക്കുന്നതിന് കിലോയ്ക്ക് 2.20 രൂപ വീതം ഏജൻസി കോർപ്പറേഷനിൽ നിന്ന് ഈടാക്കും.