വൈപ്പിൻ. ഞാറക്കൽ ഗവ. വി.എച്ച്.എസ്.എസിന് പുതുതായി നിർമ്മിച്ച അക്കാഡമിക് ബ്ലോക്ക് ഇന്ന് രാവിലെ 10 ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടർ എസ്. സുഹാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. വിവിധ ജനപ്രതിനിധികളും കക്ഷി നേതാക്കളും പങ്കെടുക്കും.

നബാർഡിന്റെ ധനസഹായത്തോടെ 4.20 കോടി രൂപ ചെലവിൽ സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണം നടത്തിയത്. 926.30 ച.മി വിസ്തൃതിയിൽ മൂന്ന് നിലകളിലായിട്ടാണ് പുതിയ ബ്ലോക്ക് നിർമ്മിച്ചത്. എല്ലാ ക്ലാസ് മുറികളിലും ഹൈ ടെക്ക് സംവിധാനമാണ്. ഫർണിച്ചറിനും ലാബ് ഉപകരണങ്ങൾക്കുമായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ഇതോടെ വൈപ്പിൻ നിയോജകമണ്ഡലത്തിൽ അന്താരാഷ്ട്രനിലവാരമുള്ള ആദ്യ സ്‌കൂൾ എന്ന പദവിയാണ് ഈ സർക്കാർ സ്‌കൂളിന് കൈവന്നിരിക്കുന്നത്. എസ്.ശർമ്മ എം.എൽ.എയുടെ അവശ്യപ്രകാരം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയൊരു കെട്ടിടത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.