വൈപ്പിൻ: നിർദിഷ്ട മുനമ്പം - അഴീക്കോട് പാലത്തിന്റെ രൂപകല്പനയിൽ ഉടലെടുത്തിട്ടുള്ള ആശങ്ക ദൂരീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് മുനമ്പം യന്ത്രവത്കൃത മത്സ്യബന്ധന പ്രവർത്തകസംഘം വാർഷിക യോഗം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ രൂപകല്പനയിൽ പാലം വന്നാൽ മുനമ്പം മത്സ്യബന്ധനകേന്ദ്രം അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയാണ് മത്സ്യമേഖലയിലുള്ളത്.

ബോട്ടുകളുടെ ലൈസൻസ് ഫീസ് 2500 രൂപയിൽ നിന്ന് അരലക്ഷമാക്കി വർദ്ധിപ്പിച്ചത് റദാക്കുക, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ധിക്കാര സമീപനം അവസാനിപ്പിക്കുക, മുനമ്പം അഴീക്കോട് ജങ്കാർ സർവീസ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഭാരവാഹികളായി സുധാസ് തായാട്ട് (പ്രസിഡന്റ്), എ.വി. ഗോപി (വൈസ് പ്രസിഡന്റ് ), കെ.ബി. രാജീവ് (സെക്രട്ടറി), ജോസഫ് ഒളാട്ടുപുറത്ത് (ജോ. സെക്രട്ടറി), പി.ബി. സാംബൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.