കൊച്ചി : സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതി പ്രകാരം വിധവ, അഗതി, വാർദ്ധക്യകാല പെൻഷൻ എന്നിവ ലഭിക്കുന്നതിന്റെ പേരിൽ തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് ക്ഷേമനിധി പെൻഷൻ ഒഴിവാക്കുന്ന നടപടി പിൻവലിക്കണമെന്നും തൊഴിലാളികൾക്ക് രണ്ടു പെൻഷനും ലഭിക്കുന്നതിനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നും കേരള സ്റ്റേറ്റ് തയ്യൽ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ദേശീയ പ്രക്ഷോഭങ്ങളും ജന്മശദാബ്ദി സമ്മേളന തീരുമാനങ്ങളും വിശദീകരിച്ചു. ഫെഡറേഷൻ പ്രസിഡന്റ് പി.യു. അദ്ബുൾ കലാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ഭാർഗവൻ പ്രവർത്തന റിപ്പോർട്ടും എം.പി. രാധാകൃഷ്ണൻ ക്ഷേമനിധി തീരുമാനങ്ങളും അവതരിപ്പിച്ചു. യോഗത്തിൽ ലാസർ ചെറുവത്തൂർ, ടി.എ. ആന്റണി, രാജൻ, സി.കെ. പരമു എന്നിവർ സംസാരിച്ചു.