bar
ജുഗ ബന്ധു

കോലഞ്ചേരി: ചൂണ്ടി ജംഗ്ഷന് സമീപം രാമമംഗലം റോഡിൽ ഒന്നാം നിലയിലായിരുന്നു പാണിഗ്രാഹിയുടെ സ്വന്തം ബാർ. വെള്ളവും ടച്ചിംഗ്സും ഫ്രീ. പെഗ്ഗിന് 50 രൂപ മുതൽ 100 വരെ. ജിപ്സി, മൂഡ്മേക്കർ, ഫാർമർ തുടങ്ങിയ വിലകുറഞ്ഞ ബ്രാൻഡുകളിലായിരുന്നു ഇടപാട്. ശനിയും ഞായറുമാണ് കച്ചവടം ഉഷാർ. കൗണ്ടറിൽ അളന്നുകൊടുക്കാൻ ബാറിലെ പോലെ തന്നെ അളവുപാത്രങ്ങളും ഉണ്ടായിരുന്നു.

തൊട്ടടുത്തൊന്നും ബാറില്ലാത്തതിനാൽ വെച്ചടി വെച്ചടി കയറ്റമായിരുന്നു. അവധി ദിവസങ്ങളിൽ 30 ലിറ്റർ വരെ വിൽക്കും. പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഒറീസ സ്വദേശി ജുഗബന്ധു പാണിഗ്രാഹിയെ (36) അറസ്റ്റ് ചെയ്തപ്പോൾ കച്ചവട രഹസ്യങ്ങളെല്ലാം പുള്ളി മണി മണി പോലെ പറഞ്ഞു.

പതിനഞ്ച് ലിറ്റർ മദ്യവും പിടിച്ചെടുത്തു.

ഇട ദിവസങ്ങളിൽ ബീവറേജ് ഷോപ്പിൽ പോയി മദ്യം വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. ഒന്നാം നിലയിലെ സ്വന്തം മുറിയിലായിരുന്നു പാണിഗ്രഹി ബാർ. ഏതോ അസൂയാലുക്കളാണ് പാണിഗ്രാഹിയെ ചതിച്ചത്. വിവരം കിട്ടിയ ഉടൻ തന്നെ പൊലീസ് എത്തി.

വിവിധ ഹോട്ടലുകളിൽ സഹായിയായി ജോലി ചെയ്തിരുന്ന ഇയാൾ നാലുമാസം മുമ്പാണ് ബാർ ബിസിനസിലേക്ക് തിരിഞ്ഞത്. ലേബർ ക്യാമ്പുകളിലേക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കാറുമുണ്ട്. ആഴ്ചയിൽ കുറഞ്ഞത് ഇരുപതിനായിരം രൂപയെങ്കിലും വീട്ടിലേക്കയക്കും. ഇന്നലെ കസ്റ്റഡിയിലെടുക്കുമ്പോൾ 17,000 രൂപ കൈയിലുണ്ടായിരുന്നു.

ചൂണ്ടി മേഖലയിലെ ഓട്ടോ റിക്ഷ ഡ്രൈവർമാരുൾപ്പടെ മലയാളികളും അന്യസംസ്ഥാനക്കാരുമായി പതിവായി ഇടപാടുകാർ ഇവിടെ എത്താറുണ്ട്.

എസ്.ഐ ടി.എം തമ്പി, എ.എസ്.ഐ മാരായ ജി.ശശിധരൻ, സത്യൻ പി.ബി, സീനിയർ സി.പി.ഒ സുരേഷ് കുമാർ, സി.പി.ഒ മാരായ കെ.എ യോഹന്നാൻ, വി.അനിൽ കുമാർ, ആർ. രാഹുൽ വാസു തുടങ്ങയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്നലെ തന്നെ റിമാൻഡ് ചെയ്തു.