കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴി ഖത്തറിലേക്ക് ഹാഷിഷ് ഒായിൽ കടത്താൻ ശ്രമിച്ചെന്ന കേസിലെ മൂന്നാം പ്രതി മലപ്പുറം സ്വദേശി ജംഷീർ അലിയുടെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. എന്നാൽ അഞ്ചാം പ്രതി തലശേരി സ്വദേശി മുഹമ്മദ് ഷഫീഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി മലപ്പുറം സ്വദേശി മുബഷീറിന് ഹാഷിഷ് ഒായിൽ നൽകിയത് ജംഷീറാണെന്നും ഇയാൾക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജംഷീർ അലിയുടെ ജാമ്യഹർജി തള്ളിയത്. നാലും ആറും പ്രതികളായ അബ്ദുൾ റഫീഖ്, ഹാരിസ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിച്ചേക്കും.
കഴിഞ്ഞ ജനുവരി 26 നാണ് 1.60 കിലോ ഹാഷിഷ് ഒായിലുമായി മുബഷീർ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. മുബഷീർ പിടിയിലായതോടെ ജംഷീർ അലിയടക്കമുള്ള മറ്റു പ്രതികൾ ഒളിവിൽപോയി. ജംഷീർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ജംഷീർ അലി കീഴടങ്ങി. മറ്റു പ്രതികൾ ജൂലായ് ആറിനാണ് കസ്റ്റംസിന്റെ പിടിയിലായത്. ഖത്തറിൽ പഴക്കച്ചവടം നടത്തുന്ന യാസിസിനു വേണ്ടിയാണ് പ്രതികൾ ഹാഷിഷ് ഒായിൽ കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്.