കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജിലെ കൊമേഴ്സ് വിഭാഗത്തിൽ നിന്ന് 1965 മുതൽ 2019 വരെ ബിരുദ - ബിരുദാനന്തര ബിരുദം നേടിയ മൂന്ന് തലമുറയിലെ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഇന്ന് രാവിലെ 9 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഒരുവട്ടം കൂടി എന്ന് പേരിട്ടിരിക്കുന്ന സംഗമത്തിൽ 23 വയസു മുതൽ 73 വയസു വരെയുള്ള ആയിരത്തിൽപരം വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുചേരും. കൊമേഴ്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ച അദ്ധ്യാപകരെ ആദരിക്കും ,ഓർമ്മ പുതുക്കൽ, പഠിച്ച ക്ലാസ് മുറി സന്ദർശനം എന്നിവയുമുണ്ടാകും. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് പ്ളസ്ടുവിന് ഉന്നതവിജയം നേടി കൊമേഴ്സ് ഡിപ്പാർട്ട്മെന്റിൽ അഡ്മിഷൻ ലഭിച്ച് ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങിയ കോതമംഗലം സ്വദേശി കെസിയ അച്ച ബെന്നിയുടെ പേരിൽ പ്ളസ് ടു കൊമേഴ്സ് വിദ്യാർത്ഥികൾക്കായി കെസിയ മെമ്മോറിയൽ ക്വിസ് മത്സരം നടത്തുമെന്ന് മീറ്റ് കോഓർഡിനേറ്റർ അസി. പ്രൊഫ. ക്ലോഡിൻ റോച്ചപറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന് കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റിലെ കുട്ടികളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് റിട്ട. അദ്ധ്യാപകരുടെ വകയായി കാഷ് അവാർഡ് നൽകും.

കോളേജിലെ ആദ്യ കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫ. പി.ജെ. എബ്രാഹം, അസി.പ്രൊഫ: ഫെബ കുര്യൻ, വിദ്യാർത്ഥി പ്രതിനിധി രാഹുൽ അനിൽ, റിട്ട. പ്രൊഫ. റെജി ജോസഫ് , മുൻ കോളേജ് യൂണിയൻ ചെയർമാൻ അനുരാമത്തായി, പൂർവ വിദ്യാർത്ഥികളായ സോജ മാത്യു, അനൊ മാത്യു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.