കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരം നാളെ (ശനി) രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നടത്തും. യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി.സുദർശനൻ, ഉദയംപേരൂർ ശാഖാ യോഗം പ്രസിഡന്റ് എൽ.സന്തോഷ്, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ പി.ഡി.ശ്യാംദാസ്, യോഗം അസി.സെക്രട്ടറി സി.വി.വിജയൻ പടമുകൾ, ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി.അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, ശാഖാ സെക്രട്ടറി ഡി.ജിനുരാജ്, വൈസ് പ്രസിഡന്റ് ജി.എസ്.അശോകൻ, യൂണിയൻ കമ്മിറ്റിയംഗം പി.സി.ബിബിൻ, പി.ടി.എ പ്രസിഡന്റ് ആർ.ശ്രീജിത്ത്, വൈസ് പ്രസിഡന്റ് എ.കെ.സുനിൽകുമാർ, മുൻഹെഡ്മാസ്റ്റർമാരായ ബി.രാജേഷ്, പി.വി.സുദീപ് കുമാർ, ഹെഡ്മിസ്ട്രസ് എൻ.സി.ബീന, പഞ്ചായത്തംഗങ്ങളായ ഗിരിജാ വരദൻ, പി.വി.ലോഹിതാക്ഷൻ പി.കെ സാജു തുടങ്ങിയവർ സംസാരിക്കും.
മൂന്നുനില മന്ദിരം
വിജയ തിളക്കത്തിൽ ശോഭിക്കുമ്പോഴും സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടിയ ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിന് ആശ്വാസമാകും പുതിയ മൂന്നു നില മന്ദിരം. ജില്ലയിലെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന, ഏറ്റവുമധികം കുട്ടികളെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കിരുത്തി സമ്പൂർണ വിജയം നേടുന്ന സ്കൂളാണിത്.
ആറ് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയാണ് മന്ദിരം നാളെ സ്കൂളിൽ ഉദ്ഘാടനം ചെയ്യുന്നത്. 15,200 ചതുരശ്ര അടിയുള്ള കെട്ടിടത്തിന് 1.90 കോടി രൂപ ചെലവായി. ശാഖാംഗങ്ങളും അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പടെ സംഭാവനയും വായ്പയുമായി ധനം സമാഹരിച്ചു. ഉദയംപേരൂർ ശാഖ ഏറ്റെടുത്ത് നടത്തുന്ന ഏറ്റവും ചെലവേറിയ പദ്ധതിയായിരുന്നു ഇത്. ഉദയംപേരൂർ സ്വദേശി തന്നെയായ ജോർജ് തോമസായിരുന്നു കോൺട്രാക്ടർ.