shuhaib-case

കൊച്ചി : കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം സി.ബി.ഐക്കു വിട്ട സിംഗിൾ ബെഞ്ചിന്റെ വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ അപ്പീൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു.

പ്രതികൾക്കെതിരെ ഭീകരപ്രവർത്തന നിരോധന നിയമപ്രകാരമുള്ള (യു.എ.പി.എ) കുറ്റം ചുമത്തണമെന്ന നിർദ്ദേശവും കോടതി തള്ളി. കേസ് ഡയറിയും മറ്റും പരിശോധിച്ച് പൊലീസിനോടു തുടരന്വേഷണം നടത്താനോ മറ്റു കുറ്റങ്ങൾ ചുമത്താനോ സിംഗിൾബെഞ്ചിന് നിർദ്ദേശിക്കാമായിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിട്ടത് അപക്വമായ ഇടപെടലാണെന്നും ഉത്തരവി​ൽ പറയുന്നു.

2010 ഫെബ്രുവരി 12 ന് രാത്രിയിൽ എടയന്നൂരിലുണ്ടായ ആക്രമണത്തിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സി.പി.എം പ്രവർത്തകർ കോൺഗ്രസിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഷുഹൈബിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചതി​ലെ പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്നും കേസ് സി.ബി.ഐക്കു വിടണമെന്നും ആവശ്യപ്പെട്ടുള്ള ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹർജിയിൽ 2018 മാർച്ച് 7നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

ഒരു യുവാവിന്റെ ദാരുണമായ അന്ത്യം അലോസരപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നു. ഇതിന് കളമൊരുക്കുന്നവർ അങ്ങേയറ്റം ക്രൂരമായി പെരുമാറുന്നതിൽ നടുക്കം രേഖപ്പെടുത്തുന്നു. ഇവരെ പിടികൂടി ഉചിതമായി ശിക്ഷിച്ചാലേ പൗരസമൂഹത്തിന് നീതിനിർവഹണ സംവിധാനത്തിൽ വിശ്വാസമുണ്ടാകൂ. കേസിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹർജിക്കാർ ഇതിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചില്ല. കുറ്റപത്രം നൽകിയിട്ടും ഇതുണ്ടായില്ല. നിഷ്ക്രിയ നിലപാട് അന്വേഷണം ശരിയായ ദിശയിലല്ലെന്ന ഹർജിക്കാരുടെ വാദത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. സർക്കാരിനുവേണ്ടി സുപ്രീം കോടതി അഭിഭാഷകനായ വിജയ് ഹസാരികയാണ് ഹാജരായത്.

എന്തുകൊണ്ട് സി.ബി.ഐ വേണ്ട

 നിലവിലെ അന്വേഷണം ശരിയല്ലെന്നതിനുള്ള വസ്തുതകൾ സിംഗിൾ ബെഞ്ചിനു മുന്നിൽ ഉണ്ടായിരുന്നില്ല.

 സിംഗിൾബെഞ്ച് കേസ് ഡയറി പരിശോധിച്ചല്ല തീരുമാനമെടുത്തത്.

 ഇത്തരം കേസുകളിൽ ജാഗ്രത കാട്ടണമെന്നും അസാധാരണ സാഹചര്യമുണ്ടെങ്കിൽ പരിഗണിക്കണമെന്നുമുള്ള സുപ്രീം കോടതി നിർദ്ദേശം പാലിച്ചില്ല.

 സർക്കാരിന് മറുപടി സത്യവാങ്മൂലത്തിന് അവസരം നൽകിയില്ല.

 ഗൂഢാലോചന പൊലീസ് അന്വേഷിച്ചില്ലെന്ന് പരാതി പറയുന്ന ഹർജിക്കാർ ആരെയും കക്ഷിയാക്കിയില്ല.

തിടുക്കത്തിൽ സി.ബി.ഐ അന്വേഷണം നിർദ്ദേശിക്കേണ്ട ആവശ്യം കാണുന്നില്ല.

 മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തയുടൻ ആയുധങ്ങൾ കണ്ടെടുത്തില്ലെന്നതാണ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനം. എന്നാൽ സംഭവം നടന്ന് മൂന്ന് ആഴ്ചകൾക്കുള്ളിൽ ആറു പ്രതികളെ അറസ്റ്റ് ചെയ്ത് ആയുധങ്ങൾ കണ്ടെത്തിയിരുന്നു.