കൊച്ചി: ലഹരിമരുന്നെല്ലാം എവിടെന്ന് കൊണ്ടുവന്നു..? ആര് തന്നു ..? എക്‌സൈസിന്റെ ചോദ്യങ്ങൾക്ക് വിവിധ ദിവസങ്ങളിലായി പിടിയിലായ കാരിയർമാർ പറഞ്ഞത് ഒരേ മറുപടി. ഗോവയിലെ ഒരു സായിപ്പ് ! സംസ്ഥാനത്തേക്കുള്ള രാസലഹരി കടത്തിന്റെ ഉറവിടം ഗോവയും അവിടെ അനധികൃതമായി കഴിയുന്ന ചില വിദേശീയരുമാണെന്ന് വ്യക്തമായതോടെ സായിപ്പിനെ പൊക്കാൻ കച്ചമുറുക്കുകയാണ് എക്‌സൈസ്.
വിദേശിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും എക്സൈസിന് ലഭിച്ചിട്ടില്ല. കാരിയർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. അതേസമയം, കേരളത്തിൽ നിന്നും നിരവധി യുവാക്കൾ ഇത്തരം ന്യൂജെൻ മയക്ക് മരുന്നുകൾക്കായി ഗോവയിൽ എത്തുന്നുണ്ടെന്നാണ് വിവരം. കൊച്ചിക്ക് പുറമേ മലപ്പുറം, എറണാകുളം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ അടുത്തിടെ ഇത്തരം ലഹരി മരുന്നുകൾ വ്യാപകമായി പിടിക്കപ്പെട്ടതോടെയാണ് അന്വേഷണം ഗോവയിലേക്ക് നീട്ടാനും എക്സൈസ് തയാറെടുക്കുന്നത്.
ഗോവ ഒരു ലഹരി ഹബ്
സഞ്ചാരികളുടെ പറുദീസയാണ് ഗോവ. സീസണിൽ പ്രതിദിനം പതിനായിരത്തോളം വിദേശ വിനോദ സഞ്ചാരികൾ ഗോവയിൽ എത്തുന്നതായാണ് കണക്ക്. മദ്യവും ലഹരിമരുന്നും ഒഴുക്കുന്ന ഇടം കൂടിയാണ് ഗോവ. ആഗോളതലത്തിൽ നിരോധിച്ച ലഹരിമരുന്നുകളും ഇവിടെ സുലഭം. കേരളത്തിൽ പിടികൂടുന്ന രാസലഹരി കേസുകളും ചെന്ന് അവസാനിക്കുന്നത് ഗോവയിലാണ്. ഇവിടെയുള്ള ഇടനിലക്കാർ വഴിയാണ് കൂടുതലും ലഹരി കൈമാറ്റം നടക്കുന്നത്. എന്നാൽ, അടുത്തിടെ ചില വിദേശികൾ നേരിട്ട് ഇടപാട് ആരംഭിച്ചതായാണ് എക്സൈസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടികൂടിയ 'കാലിഫോർണിയ 9' എന്ന ലഹരി വസ്തു ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടതാണ്. എക്‌സൈസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗോവ പോലുള്ള സ്ഥലങ്ങളിൽ മാരകമായ ലഹരി മരുന്നുകൾ ഉത്പാദിപ്പിക്കുന്ന ഡ്രഗ് മാനുഫാക്ചറിംഗ് യൂണിറ്റുകൾ പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
സ്റ്റാമ്പിലെ വീര്യം
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസർജിക്ക് ആസിഡ്. ഇത് പുരട്ടിയ സ്റ്റാമ്പാണ് പിടികൂടിയത്. ലൈസർജിക് ആസിഡ് സ്റ്റാമ്പുകൾ ലോകത്തിലാകെ 124 ഇനമുണ്ട്. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയ കാലിഫോർണിയ 9. സ്റ്റാമ്പിന്റെ പിന്നിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത്. 360 മൈക്രോഗ്രാം ലൈസർജിക്ക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണ് കഴിഞ്ഞദിവസം പിടികൂടിയത്. 0.1 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വർഷംവരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്. മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഇവയുടെ അളവ് അൽപ്പം കൂടിപ്പോയാൽ മരണം ഉറപ്പ്.
220 കോടിയുടെ മയക്കുമരുന്ന് വേട്ട
എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിലുള്ള നാർക്കോട്ടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ഏതാനും മാസത്തിനിടെ പിടിച്ചത് 220 കോടിയോളം രൂപയുടെ മയക്കുമരുന്നാണ്. 26 കിലോയിലധികം എം.ഡി.എം.എ, 501 ബ്രൂപ്പിനോർഫിൻ ആംപ്യൂൾസ്, 6.5 കിലോഗ്രാം ചരസ്, ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ, ആയിരത്തോളം നൈട്രോസ്‌പാം ഗുളികകൾ, 20കിലോയോളം കഞ്ചാവ്, 680 മില്ലിഗ്രാം എൽ.എസ്.ഡി, 540 ഗ്രാമോളം ഹെറോയിൻ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.