തോപ്പുംപടി: ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബുധനാഴ്ച രാത്രി കടലിലേക്ക് പോയ മൽസ്യബന്ധന ബോട്ടുകൾ ഇന്നലെ വെറും കൈയ്യോടെ മടങ്ങിയെത്തി. കുറച്ച് കരിക്കാടി ചെമ്മീൻ അല്ലാതെ വേറെ ഒന്നും ഇവർക്ക് ലഭിക്കാതിരുന്നത് കടുത്ത നിരാശയായി. സാധാരണ നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങുന്ന ബോട്ടുകൾ കൈനിറയെ മീനായാണ് എത്തുന്നത്.
കിളിമീൻ,കൊഴുവ, കരിക്കാടി ചെമ്മീൻ, അയല, ചാള എന്നിവയായിരുന്നു ലഭിക്കാറ്. ഇക്കുറി ചാളക്കൂട്ടങ്ങളെ കാണാനില്ല.
കരിക്കാടി ചെമ്മീനും പൊടിമീനും തീവിലയായിരുന്നു. പല ബോട്ടുകളും മീനുകളെ ലഭിക്കാത്തതിനെ തുടർന്ന് പുറംകടലിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞ് എത്തുന്ന ബോട്ടുകളെ കടലമ്മ കനിയും എന്ന വിശ്വാസത്തോടെയാണ് ഈ സാഹസം. കിഴക്കൻ മേഖലകളിലേക്ക് മീൻ കയറ്റി അയക്കുന്നവരും പ്രതിസന്ധിയിലാണ്.