കൊച്ചി : പരീക്ഷകളിലെ വിജയത്തോടൊപ്പം ജീവിതവിജയവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാകണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു.
കൊച്ചി നഗരസഭാ പരിധിയിൽ നൂറുമേനി വിജയം കൈവരിച്ച സ്‌കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര ബോധവും ലാവണ്യബോധവും ഒന്നിച്ച് ചേരുമ്പോഴാണ് നല്ല ഗവേഷകരും അദ്ധ്യാപകരും എൻജിനീയറും ഡോക്ടറുമുണ്ടാകുന്നത്. ആധുനികതയും ജനകീയതയും ഒന്നിച്ച് ചേരുന്ന വിദ്യാഭ്യാസ രീതിയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പരിശീലിപ്പിക്കുന്നത്. വളരെ അപൂർവം രാജ്യങ്ങളിലാണ് ഈ രീതി പിൻതുടരുന്നതെന്ന് മന്ത്രി പറഞ്ഞു.

എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയിച്ച 30 സ്‌കൂളുകൾക്കും പ്ലസ് ടുവിന് നൂറ് ശതമാനം നേടിയ ഒരു സ്‌കൂളിനും അവാർഡ് നൽകി. എസ്.എസ്.എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 332 വിദ്യാർത്ഥികളെയും പ്ലസ് ടുവിന് മികച്ച വിജയം നേടിയ 202 വിദ്യാർത്ഥികളെയും ആദരിച്ചു. തുടർ സാക്ഷരതയിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കായിക കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ പൂർണിമ നാരായണൻ വിഷയാവതരണം നടത്തി. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ്, കൗൺസിലർ കെ.ജെ.ആന്റണി, സുധ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.