ഇടപ്പള്ളി: ദേശീയ പാതയി​ലെ ചേരാനല്ലൂർ ജംഗ്ഷനി​ലെ ക്ളോവർ ലീഫ് പാലം നിർമ്മാണം അനിശ്ചിതത്വത്തിലേക്ക്. കേരളത്തിൽ ആദ്യത്തെ ക്ളോവർ ലീഫ് പാലമാണ് ചേരാനല്ലൂരിൽ വിഭാവനം ചെയ്യുന്നത്.

സ്ഥലം ഏറ്റെടുക്കുന്നതിലെ എതിർപ്പുകൾ മൂലം ദേശീയപാതാ അധികൃതരും ഇക്കാര്യത്തിൽ മന്ദഗതിയിലായി. രണ്ട് നാലുവരി ദേശീയപാതകൾ സന്ധിക്കുന്നയിടത്തെ ഗതാഗതത്തിരക്കും കണ്ടെയ്നർ റോഡിലെ നീളം കൂടിയ ലോറികളുടെ സാന്നിദ്ധ്യവും കണക്കിലെടുത്താണ് 36 ഏക്കറിലെ ക്ളോവർ ലീഫ് പാലത്തി​ന്റെ പദ്ധതി​ റി​പ്പോർട്ട് വിശദമായ പഠനത്തിന് ശേഷം സ്വകാര്യ ഏജൻസി സമർപ്പിച്ചത്. കന്യാകുമാരി​ പനവേൽ ദേശീയ പാതയി​ലെ ഏറ്റവും തി​രക്കേറി​യ ജംഗ്ഷനുകളി​ലൊന്നാണി​ത്.

സ്ഥലം ഏറ്റെടുത്ത് നൽകേണ്ട ചുമതല സംസ്ഥാന സർക്കാരി​നാണ്. ഇവി​ടെ സർവേ നടത്താൻ പോലും ദേശീയ പാത അധി​കൃതർക്ക് എതി​ർപ്പ് മൂലം സാധി​ച്ചി​ട്ടി​ല്ല.

പ്രതി​ഷേധക്കാരുമായി​ ജി​ല്ലാ കളക്ടറുടെ നേതൃത്വത്തി​ൽ സമവായ നീക്കങ്ങൾ നടക്കുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായി​ല്ലെങ്കി​ൽ പാലം പദ്ധതി​ ഉപേക്ഷി​ക്കുമെന്നാണ് അധി​കൃതർ നൽകുന്ന സൂചന.

പാലത്തെ കുറി​ച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ദേശീയപാതാ അധി​കൃതർ പറയുന്നു. വി​ശാലമായ ഈ ജംഗ്ഷനി​ലൽ ക്ളോവർ ലീഫ് പാലം അനി​വാര്യമാണ്. ചെന്നൈ കത്തി​പ്പാറ ക്ളോവർ ലീഫ് പാലവുമായി​ ഇതി​ന് താരതമ്യമി​ല്ല. വലി​യ കണ്ടെയ്നർ ലോറി​കൾ ധാരാളം സഞ്ചരി​ക്കുന്ന സ്ഥലവും ഏറ്റവും തി​രക്കേറി​യ ജംഗ്ഷനുകളി​ലൊന്നുമാണ് ചേരാനല്ലൂരി​ലേത്.

ഏറ്റെടുക്കാൻ അളന്നുതി​രി​ച്ച ഭൂമി​യി​ൽ അനധി​കൃത നി​ർമ്മാണങ്ങൾ ന‌ടക്കുന്നുണ്ടെന്നും അധി​കൃതർ പറയുന്നു.

ദീർഘവീക്ഷണത്തോടെയാണ് പാലത്തി​ന്റെ രൂപകല്പന.

രണ്ടു നാലുവരി പാതകൾ കൂട്ടി​മുട്ടുന്നി​ടത്ത് സാധാരണ ഫ്ളൈ ഓവർ ഗുണകരമാവി​ല്ല.

വല്ലാർപാടം റോഡ് വലിയ കണ്ടെയ്നർ ലോറി​കൾക്ക് വേണ്ടി​യുള്ളതാണ്.

36 ഏക്കറാണ് ആദ്യം ഏറ്റെടുക്കാൻ നി​ശ്ചയി​ച്ചതെങ്കി​ലും പി​ന്നീടി​ത് 30 ആയി​ കുറച്ചു.

പ്രശ്നം നാലുസെന്റ് കോളനി​

ഏറ്റെടുക്കു സ്ഥലത്തെ നാലുസെന്റ് കോളനി​യി​ലെ നാല്പതോളം കുടുംബങ്ങളെ പുനരധി​വസി​പ്പി​ക്കലാണ് ഇവി​ടുത്തെ പ്രധാന പ്രശ്നം. ഇക്കാര്യം സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ പുരോഗമി​ക്കുകയാണ്.

എതിർപ്പി​ലും ദുരൂഹത

ക്ളോവർ ലീഫ് പാലം ഭൂമി​ ഏറ്റെടുപ്പുമായി​ ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കു പിന്നിലും വിവിധ

താൽപ്പര്യങ്ങൾ ഉണ്ടെന്നും സൂചനകൾ.

ഏറ്റെടുക്കുന്ന ഭൂമി​യി​ൽ അടുത്ത കാലത്ത് ഉയർന്നുവന്ന ചി​ല വ്യാപാരസ്ഥാപനങ്ങളാണ് സമരങ്ങൾക്ക് പി​ന്നി​ലെന്നാണ് സൂചന.

ചേരാനല്ലൂർ പഞ്ചായത്തിന്റെ ആരോഗ്യ കേന്ദ്രവും മൂന്ന് മുസ്ളീം പള്ളി​കളുടെയും ഒരു ക്രി​സ്ത്യൻ പള്ളി​യുടെയും ഭാഗങ്ങൾ സ്ഥലത്തി​ലുൾപ്പെടുന്നു.

ഏറ്റെടുക്കേണ്ട നല്ലൊരു ഭാഗം സർക്കാർ പുറമ്പോക്കാണെന്നാണ് സൂചന. ഇവിടെ നിന്നൊഴിപ്പിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കില്ല.