-drivers

കൊച്ചി : പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ വീണ്ടും കെ.എസ്.ആർ.ടി.സിയിൽ നിയമിച്ചതിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ ഇതുവരെ എത്രപേരെ നിയമിച്ചെന്നും എത്ര ദിവസം ജോലി നൽകിയെന്നും യൂണിറ്റ് തിരിച്ചുള്ള കണക്ക് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവർ തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി വേണുഗോപാൽ നൽകിയ ഹർജിയിൽ കെ.എസ്.ആർ.ടി.സിയോടാണ് മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ നിർദ്ദേശിച്ചത്.

നേരത്തെ വേണുഗോപാൽ ഉൾപ്പെടെ നൽകിയ ഹർജികളിൽ എംപാനലുകാരെ ഏപ്രിൽ 30 നകം ഒഴിവാക്കി 2455 ഒഴിവുകളിലേക്ക് പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അപ്പീലിൽ പിരിച്ചു വിടാനുള്ള തീയതി ജൂൺ 30 വരെ നീട്ടിയതല്ലാതെ സുപ്രീം കോടതി ഇടപെട്ടില്ല. എന്നാൽ പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാരെ ജൂലായ് ഒന്നിനു തന്നെ തിരിച്ചെടുത്തെന്നും 1700 ഒാളം എംപാനലുകാർ സർവീസിൽ തുടരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി നൽകിയത്.