c-raveendranath
മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന 'വിജയോത്സവം 2019' മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ്, ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഷാജഹാൻ, വൈസ് പ്രസിഡന്റ് സി.ജി. വേണു, ജി. അജിതകുമാരി, വി.എം. ശശി, പി.എ. അബ്ദുൾ സത്താർ എന്നിവർ സമീപം.

ആലുവ: നവമാദ്ധ്യമങ്ങൾക്ക് പിന്നാലെ പോകാതെ യുവതലമുറ വായനയിലൂടെ വളരണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എയും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഘടനയും സംയുക്തമായി സംഘടിപ്പിച്ച 'വിജയോത്സവം 2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തിജീവിതത്തിൽ ഉയർച്ചയുണ്ടാവണമെങ്കിൽ വായനയെന്ന സംസ്‌കാരം വളരണം. വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന പൊതുവിദ്യാലയങ്ങൾക്ക് സർക്കാർ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കും. ഇതിന് ഒരിക്കലും പണം തടസമാകില്ല. മുപ്പത്തടം സ്‌കൂൾ വികസനത്തിന് സർക്കാർ ഫണ്ട് അനുവദിക്കുമെന്നും ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കി നൽകാനും മന്ത്രി നിർദ്ദേശിച്ചു.

വിജയകുതിപ്പുകൾ തുടരുമ്പോഴും മുപ്പത്തടം സ്‌കൂളിന് ആവശ്യമായ ക്ലാസ് മുറികളും ഗ്രൗണ്ടും ഇല്ലെന്ന വിഷയം പ്രിൻസിപ്പൽ കെ.പി. പത്മിനി സൂചിപ്പിച്ചതിനെ തുടർന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.

വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ അധികൃതർക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും മന്ത്രി ഉപഹാരം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. വേണു, ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഷാജഹാൻ, ഡി.ഇ.ഒ സുബിൻപോൾ, വി.എം. ശശി, എം.എ. ഫിറോസ്ഖാൻ, അഡ്വ. പി.എ. അയൂബ് ഖാൻ, പി.എ. അബ്ദുൾ സത്താർ, എൻ.എൻ. അജയൻ, സന്ധ്യ, മായ കെ. നായർ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പാൽ പി. പത്മിനി സ്വാഗതവും ഹെഡ്മിസ്ട്രസ് ജി. അജിതകുമാരി നന്ദിയും പറഞ്ഞു.