കൊച്ചി : മൊബൈൽ ഫോണും കമ്പ്യൂട്ടറും അമിതമായി ഉപയോഗിക്കുന്നതു മൂലം സ്‌കൂൾ വിദ്യാർത്ഥികളിൽ മയോപ്പിയ (ഹൃസ്വദൃഷ്‌ടി) പോലുള്ള കാഴ്ചവൈകല്യങ്ങൾ വ്യാപകമാകുന്നതിനെതിരെ കേരള സൊസൈറ്റി ഒഫ് ഓഫ്താൽമിക് സർജൻസും (കെ.എസ്.ഒ.എസ്) ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
രക്ഷിതാക്കളെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ബാലദർശൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഞായർ) കടവന്ത്രയിലെ ഹോട്ടൽ ഒലീവ് ഡൗൺടൗണിൽ നടക്കും. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുഗതൻ ഉദ്ഘാടനം ചെയ്യും.
വിദ്യാർത്ഥികൾ കായിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വിനോദത്തിനു കമ്പ്യൂട്ടർ, ടാബ്‌ലറ്റ്, ലാപ്‌ടോപ്, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയെ അമിതമായി ആശ്രയിക്കുന്നതും വ്യാപകമാണെന്ന് കെ.എസ്.ഒ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ശശികുമാർ പറഞ്ഞു. ഒഴിവു സമയങ്ങളിൽ കുട്ടികളെ കായിക വിനോദങ്ങളിലേക്ക് തിരിച്ചുവിടുന്നതിന് ആവശ്യമായ നിർദേശങ്ങളും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.