കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയർത്താനുള്ള വിവിധ പരിപാടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന്മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.എറണാകുളത്ത് മത്സ്യത്തൊഴിലാളി കുടുംബ വിവര രജിസ്റ്ററിന്റെ പ്രകാശനവും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം വെബ്സൈറ്റിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അവർ.
ഓഖി ദുരന്ത സമയത്ത് കടലിൽ പോയ തൊഴിലാളികളുടെ എണ്ണം കൃത്യമായി അറിയാത്ത അവസ്ഥയുണ്ടായി. ജനങ്ങളുടെ ആശങ്കയകറ്റാൻ അന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വിവരശേഖരണം.നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം എന്ന ഓൺലൈൻ വെബ്സൈറ്റ് സജ്ജമാക്കിയത്.
ക്ഷേമനിധിയിലും മറ്റും കടന്നു കൂടിയിട്ടുള്ള അനർഹരെ ഒഴിവാക്കാൻ വിവരശേഖരണം വഴിത്തിരിവാകും. നാവിക് ഉപകരണങ്ങളിൽ കരയിൽ നിന്നുള്ള സന്ദേശം സ്വീകരിക്കാൻ മാത്രം സാധിക്കുന്ന രീതിക്കു പകരം സന്ദേശം അയക്കാനും കൂടിയുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സി.എഫ്.ആർ.ഐയിൽ നടന്ന ചടങ്ങിൽ എസ്.ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടർ എസ്.വെങ്കടേസപതി, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.