ആലുവ: റോഡ് നിർമ്മാണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൈയാങ്കളി നടത്തിയ ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. 17 ാം വാർഡ് മെമ്പർ പി.കെ. യൂസഫിന്റെ പരാതിയിൽ 16 ാം വാർഡ് മെമ്പർ കെ.എ. ഹാരീസിനെയും തിരിച്ചുമാണ് കേസെടുത്തത്. ഇരുവരും യഥാക്രമം ആലുവ കാരോക്കുഴി ആശുപത്രിയിലും നജാത്ത് ആശുപത്രിയിലും ചികിത്സയിലാണ്. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളതെന്ന് സി.ഐ. രമേശ് കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് സംഭവം. 17 ാം വാർഡിലെ മനയ്ക്കത്താഴം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു സംഘർഷം.

എൽ.ഡി.എഫിനെ പുറത്താക്കിയത് യൂസഫ്,

ഒടുങ്ങാത്ത വാശിയുമായി സി.പി.എം

ആലുവ: കോൺഗ്രസുകാരനായ പി.കെ. യൂസഫിന് പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്രനായിട്ടാണ് പഞ്ചായത്തംഗമായത്. തുടർന്ന് സി.പി.എം നേതാവ് എ.പി. ഉദയകുമാർ പഞ്ചായത്ത് പ്രസിഡന്റായി. ഉദയകുമാർ ഏരിയാ സെക്രട്ടറിയായതോടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. പകരം സ്ഥിരംസമിതി അധ്യക്ഷനായ സി.പി.എം ലോക്കൽ കമ്മിറ്റിഅംഗം കെ.എ. ഹാരസിനെ നിശ്ചയിച്ചു. പക്ഷെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പി.കെ. യൂസഫും എൻ.സി.പി അംഗം മനോജ് പട്ടാടും കൂറുമാറി വോട്ട് ചെയ്തു. ഇരുമുന്നണി സ്ഥാനാർത്ഥികൾക്കും തുല്ല്യ വോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ ബാബു പുത്തനങ്ങാടി പ്രസിഡന്റായി. മനോജ് പട്ടാട് തിരികെ എൽ.ഡി.എഫിലെത്തിയെങ്കിലും യൂസഫ് കോൺഗ്രസ് പാളയത്തിൽ തുടർന്നു. പിന്നീട് യൂസഫിന്റെ പിന്തുണയോടെ പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും കോൺഗ്രസ് പിടിച്ചിരുന്നു. ഇതിന്റെ വാശി മുന്നണികൾ തമ്മിൽ നിലനിൽക്കുന്നതിനിടെയാണ് റോഡ് നിർമ്മാണത്തിന്റെ പേരിൽ സംഘർഷം നടന്നത്.

സി.പി.എം പ്രതിഷേധം

ആലുവ: സി.പി.എം ചൂർണിക്കര ലോക്കൽ കമ്മറ്റി മെമ്പറും പഞ്ചായത്ത് മെമ്പറുമായ കെ.എ. ഹാരീസിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി പ്രകടനം നടത്തി. തുടർന്ന് കമ്പനിപ്പടിയിൽ നടന്ന പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി, പി.എം. ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ.എ. അലിയാർ, എ.എസ്. രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.