സഭയിൽ മെത്രാധിപത്യമെന്ന് ഡോ: തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത

കോലഞ്ചേരി: മെത്രാപ്പോലീത്തൻ ട്രസ്​റ്റി തിരഞ്ഞെടുപ്പിനെ ചൊല്ലി യാക്കോബായ സഭയിൽ ഭിന്നത. എതിർപ്പുമായി മെത്രാന്മാരും രംഗത്ത്. സഭയിലെ ഏ​റ്റവും മുതിർന്ന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മാർ തീമോത്തിയോസ്, നിരണം ഭദ്രാസനാധിപൻ ഡോ: ഗീവർഗീസ് മാർ കൂറിലോസ് എന്നിവരുടെ നേതൃത്വത്തിലാണ് പടപ്പുറപ്പാട്.

സഭയുടെ നിയന്ത്രണാധികാരമുള്ള മെത്രാപ്പോലീത്തൻ ട്രസ്​റ്റിയെ തെരഞ്ഞെടുക്കാൻ സഭാ സുന്നഹദോസിന് അധികാരമില്ലെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ ദിവസം സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ സഭാ സുന്നഹദോസിൽ രഹസ്യ ബാല​റ്റിലൂടെയാണ് കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രീഗോറിയോസിനെ മെത്രാപ്പോലീത്തൻ ട്രസ്​റ്റിയായി തെരഞ്ഞെടുത്തത്.

ഈ മാസം 28 ന് ട്രസ്​റ്റി തെരഞ്ഞെടുപ്പിനായി മലങ്കര അസോസിയേഷൻ വിളിച്ചു ചേർക്കാനിരിക്കെ ഉണ്ടായ നീക്കമാണ് വിവാദമായിരിക്കുന്നത്.

കഴിഞ്ഞ നവംബർ 20ന് മെത്രാപ്പോലീത്തൻ ട്രസ്​റ്റി സ്ഥാനത്തേക്ക് ബസേലിയോസ് തോമസ് പ്രഥമൻ ബാവയും ഇപ്പോഴത്തെ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസുമാണ് ഏ​റ്റുമുട്ടിയത്. നിസാര വോട്ടുകൾക്കാണ് പ്രഥമൻ ബാവ വിജയിച്ചത്. എന്നാൽ അൽമായ ട്രസ്​റ്റി, വൈദീക ട്രസ്​റ്റി സ്ഥാനത്തേക്ക് തോമസ് പ്രഥമൻ ബാവയുടെ കടുത്ത എതിരാളികളായ ഫാ. സ്ലീബാ പോൾ വട്ടവേലിൽ, സി.കെ.ഷാജി ചുണ്ടയിൽ എന്നിവരാണ് വിജയിച്ചത്. തുടർന്ന് അധികാര തർക്കം രൂക്ഷമായതോടെയാണ് 4 മാസങ്ങൾക്ക് ശേഷം ബസേലിയോസ് തോമസ് പ്രഥമൻ ബാവ മെത്രാപോലീത്തൻ ട്രസ്​റ്റി സ്ഥാനം രാജിവച്ചത്. ഈ ചുമതല എബ്രാഹാം മാർ സെവേറിയോസ്, തോമസ് മാർ തീമോത്തിയോസ്, ജോസഫ് മാർ ഗ്രീഗോറിയോസ് എന്നിവരടങ്ങുന്ന മൂന്നംഗ മെത്രാപ്പോലീത്തൻ സമിതിയെ സഭാ മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവ ഏൽപ്പിച്ചു. ഇവരുടെ നേതൃത്വത്തിൽ മലങ്കര അസോസിയേഷൻ വിളിച്ച് ചേർത്ത് പുതിയ മെത്രാപ്പോലീത്തൻ ട്രസ്​റ്റിയെ തെരഞ്ഞെടുക്കാനും നിർദ്ദേശിച്ചു. ഇതനുസരിച്ച് ഈ മാസം 28ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ച് നടപടി ക്രമങ്ങൾ ആരംഭിച്ചിരിക്കെയാണ് പഴയ ഭരണ സമിതിയിലെ ചില പ്രമുഖരുടെ നോമിനിയായ ജോസഫ് മാർ ഗ്രീഗോറിയോസിനെ മെത്രാപ്പോലീത്തൻ ട്രസ്​റ്റിയായി തെരഞ്ഞെടുത്തതെന്നാണ് ആരോപണം.

ട്രസ്റ്റി തെരഞ്ഞെടുപ്പ് സഭാ ഭരണഘടനക്ക് വിരുദ്ധമാണ്.

കഴിഞ്ഞ നവംബറിൽ നടന്ന ഭാരവാഹി തെരഞ്ഞടുപ്പോടെ അപ്രസക്തരായ പഴയ ഭരണസമിതിയിലെ ചില പ്രമുഖർ കുറുക്കുവഴികളിലൂടെ സഭാ ഭരണം പിടിച്ചെടുക്കുന്നതിന് തെളിവാണ് ഇത്.

ഡോ: തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത

മെത്രാധിപത്യമല്ല ജനാധിപത്യമാണ് സഭയിൽ വേണ്ടത്.

ഡോ: ഗീവർഗീസ് മാർ കൂറിലോസ്