നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡലിംഗ് മേഖലയിൽ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ അവകാശപ്രഖ്യാപന വനിതാസംഗമം ആറിന് നെടുമ്പാശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് കേരള സിവിൽ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) വനിതാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വിമാനത്താവളത്തിലെ കരാർ തൊഴിലാളികളെ ഷോപ്പ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിഭാഗം തൊഴിലാളികൾക്ക് മിനിമം വേതനം പ്രകാരം 18,000 രൂപ പ്രതിമാസം ലഭിക്കണം. എന്നാൽ 10,000 രൂപയിൽ താഴെമാത്രമാണ് ഇപ്പോഴത്തെ വരുമാനം. മിനിമം വേതനം ഉറപ്പുവരുത്തുക, സ്ത്രീ തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുക, പ്രത്യേക വിശ്രമമുറി, പ്രസവാനുകൂല്യം, ന്യായമായ ബോണസ് - ഗ്രാറ്റുവിറ്റി എന്നീ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. വിഷയം പരിഹരിക്കുന്നതിന് സിയാൽ മാനേജ്മെന്റ് ഇടപെടാത്തത് പ്രതിഷേധാർഹമാണെന്നും തൊഴിലാളികൾ പറഞ്ഞു.

ആറിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സംഗമം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിഅംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോൾ, നഗരസഭ ചെയർപേഴ്‌സൺമാരായ റൂഖിയ ജമാൽ, മഞ്ജു സിജു, ലിസി എബ്രഹാം, സി. ഓമന, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരളാ മോഹൻ തുടങ്ങിയവർ പ്രസംഗിക്കും.

യൂണിയൻ നേതാക്കളായ സുവർണ ഗോപി, ഷിബി എൽദോ, റെനി ഷാജു, ഷേർളി ഷിബു, ദേവിക പ്രദീപ്, ഷീബ പരീത്, ഉഷ ബോബൻ എന്നിവർ വിശദീകരിച്ചു.