shabna
ടി.വി. ഷബ്ന

തൃക്കാക്കര: കളക്ടറേറ്റിലെ മികച്ച ജീവനക്കാർക്കായി ജില്ലാ കളക്ടർ എസ്. സുഹാസ് ഏർപ്പെടുത്തിയ പുരസ്കാരപദ്ധതിയിൽ ആദ്യ പുരസ്കാരത്തിന് ടി.വി. ഷബ്ന അർഹയായി. കളക്ടറേറ്റിലെ പരിഹാരം വിഭാഗത്തിലെ ഹെഡ് ക്ലർക്കാണ് ടി.വി. ഷബ്ന. കളക്ടറേറ്റിലെ റിസപ്ഷനിൽ സ്ഥാപിച്ച പെട്ടിയിൽ ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തിയാണ് ജൂലൈ മാസത്തിലെ വിജയിയെ നിർണയിച്ചത്. കളക്ടർ നേരിട്ടാണ് പെട്ടി തുറന്നത്. വരുംമാസങ്ങളിലും പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച ജീവനക്കാരെ തെരഞ്ഞെടുക്കുമെന്ന് കളക്ടർ പറഞ്ഞു. മൂന്ന് തവണയിൽ കൂടുതൽ പുരസ്കാരത്തിന് അർഹരാകുന്ന ഉദ്യോഗസ്ഥർക്ക് പ്രശസ്തി സേവന പത്രം നൽകും. കളക്ടറേറ്റിൽ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത സെക്ഷനുകളിലെ ജീവനക്കാർക്കും ഫയലുകളുമായി ബന്ധമില്ലാത്ത മറ്റ് ജീവനക്കാർക്കും മികച്ച സേവനത്തിന് പുരസ്കാരം നൽകുമെന്ന് കളക്ടർ വ്യക്തമാക്കി.