ആലുവ: ദേശീയപാതയ്ക്കരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ചൂർണിക്കര പഞ്ചായത്തിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ ജില്ല റൂറൽ പൊലീസ് മേധാവിയെ സമീപിക്കും. ആരോഗ്യ വകുപ്പിന്റേയും സഹകരണം തേടും.
രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്‌ക്വാഡ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കും. പൊലീസിന്റേയും ആരോഗ്യ വകുപ്പിന്റേയും സംയുക്ത പരിശോധന സംഘമാണ് രൂപീകരിക്കുന്നത്. ചൂർണിക്കര പഞ്ചായത്തിലാണ് ഭരണസമിതിയംഗങ്ങളുടെയും ശുചിത്വ കേരളം മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെയും സംയുക്ത യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ശുചിത്വ കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.എച്ച്. ഷൈൻ, ഹരിത കേരളം മിഷൻ കോർഡിനേറ്റർ സുജിത്കരുൺ, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷൻ ലെയ്‌സൺ ഓഫീസർ എം.വി. നാരായണൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി ഷാജി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.