ആലുവ: പെരിയാറിന്റെ സൗന്ദര്യം ആസ്വദിച്ച് ചെഗുവേരയുടെ മകൾ അലൈഡ ഗുവേര. ടൂറിസം വകുപ്പിന് കീഴിൽ ആലുവ പെരിയാറിന്റെ തീരത്തുള്ള പാലസിലാണ് അലൈഡ ഇന്നലെ തങ്ങിയത്. പുലർച്ചെ രണ്ട് മണിയോടെ പാലസിലെത്തിയ അവർ രാവിലെ 11 മണിയോടെ അങ്കമാലിയിൽ ഡോക്ടർമാരുടെ സമ്മേളനത്തിനായി തിരിച്ചു.
പീഡിയാട്രിക്‌സ് പൾമനോളജിസ്റ്റായ അലൈഡയ്ക്ക് സ്പാനിഷ് മാത്രമാണ് അറിയാവുന്നത്. ഗൂഗിൾ ട്രാൻസിലേറ്ററിന്റെ സഹായത്തോടെയാണ് പാലസ് ജീവനക്കാർ പ്രഭാത ഭക്ഷണത്തിന്റെ മെനു മനസിലാക്കിയത്. ഈ സമയം പരിഭാഷകൻ അവർക്കൊപ്പമുണ്ടായിരുന്നില്ല. അലൈഡയുടെ നിർദ്ദേശ പ്രകാരം സ്പാനിഷ് ഓംമൈറ്റ്, ഗ്രിൽഡ് ടുമാറ്റോ, പുഴുങ്ങിയ മുട്ട, ഏലയ്ക്കായിട്ട പാൽ, ലെമൺ ടീ, മാതള നാരങ്ങ ജ്യൂസ് എന്നിവ പാലസ് ജീവനക്കാർ തയ്യാറാക്കി നൽകി. തിരിച്ചെത്തിയ അലൈഡക്കൊപ്പം യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമും ഉണ്ടായി. വൈകീട്ട് എറണാകുളത്ത് ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ പരിപാടിയിലും പങ്കെടുത്തു. ആലുവ മികച്ച വിശ്രമ കേന്ദ്രമാണ് പാലസെന്ന് പറഞ്ഞ അവർ ജീവനക്കാരോട് നന്ദി പറഞ്ഞാണ് മടങ്ങിയത്.