മരംകോച്ചുന്ന തണുപ്പിൽ പ്രളയത്തിന്റെ രൗദ്രഭാവം. കോരിച്ചൊരിയുന്ന മഴയത്ത് പ്രാണനായി ഓടുന്ന അമ്മയുടെ നെഞ്ചോട് ചേർന്ന് അവൾ. മാതൃത്വത്തിന്റെ ചൂടിലമർന്ന അവളുടെ മുഖം അപ്പോൾ കണ്ടില്ല. വെള്ളപ്പാച്ചിലിൽ ആടിയുലഞ്ഞ ബോട്ടിൽ ഭയത്തോടെ തീരമണഞ്ഞപ്പോൾ അമ്മയുടെയും മകളുടെയും നൊമ്പരഭാവങ്ങൾ ഞങ്ങളുടെ കാമറകൾ ഒപ്പിയെടുത്തു.'കേരളകൗമുദിയി'ലൂടെ പുറംലോകമറിഞ്ഞ സങ്കടക്കാഴ്ചകൾ...ഒരു വർഷം പിന്നിടുമ്പോൾ ആ അമ്മയെയും മകളെയും തേടി വീണ്ടും ഒരു യാത്ര.
എറണാകുളം കമ്പനിപ്പടി മെട്രോസ്‌റ്റേഷന് സമീപമെത്തുമ്പോൾ കഴിഞ്ഞവർഷത്തെ പ്രളയ ദുരിതക്കാഴ്ചകൾ മനസിലേക്ക് ആർത്തലച്ചെത്തി. അന്ന് ബോട്ടുവന്ന വഴികളിലൂടെ നടന്ന് ഫോട്ടോ കാണിച്ച് അമ്മയെ തിരക്കി. ആർക്കും അറിയില്ല. ഒരു പലചരക്ക് കടയിൽ കയറി. കടയുടമ സാജൻ കൈചൂണ്ടി പറഞ്ഞു. ' ആ വീട്ടിലെ ചേച്ചിയാ...'
മുതിരപ്പാടത്തുള്ള വീട്ടിൽ ചെല്ലുമ്പോൾ പ്രളയത്തിന്റെ ശേഷിപ്പുകൾ. വെളുത്ത തറയോടുകൾക്ക് ചെളിനിറം. ഒരു വല്യമ്മ ഇറങ്ങിവന്നു. ഫോട്ടോ കാണിച്ചപ്പോൾ മകളാണെന്ന് മറുപടി. ഫോട്ടോയിൽ വല്യമ്മയുമുണ്ടായിരുന്നു. കുഞ്ഞിനെയും കൊണ്ടോടിയ അമ്മയുടെ പേര് അർച്ചന.
അപ്പോൾ ഓടിച്ചാടി വീട്ടിലേക്കെത്തിയ ബാലികയെ തിരിച്ചറിയാനായില്ല. വീട്ടിൽ ആരൊക്കെയോ വന്നതിന്റെ അമ്പരപ്പിലെത്തിയ യുവതിയെയും പെട്ടെന്ന് മനസിലായില്ല. കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ അദ്ഭുതം. എന്നെങ്കിലും നിങ്ങളെ കാണുമെന്ന് മനസ് പറഞ്ഞിരുന്നു...പിന്നെ അർച്ചന പറഞ്ഞത് 'കേരളകൗമുദി'യെക്കുറിച്ചാണ്. അന്ന് ചേട്ടൻ ദുബായിൽ നിന്ന് വിളിച്ചു. 'നീ രക്ഷപ്പെട്ടെന്നറിഞ്ഞു. ഭാഗ്യം, ദൈവം കാത്തെന്ന് ' പറഞ്ഞു. എങ്ങനെയറിഞ്ഞെന്ന് ചോദിച്ചപ്പോൾ 'കേരളകൗമുദി'യിലെ ഒന്നാം പേജ് ചിത്രം ഓൺലൈനിൽ കണ്ടെന്ന് പറഞ്ഞു. ''ഞാൻ അപ്പോഴാണ് ചിത്രത്തെക്കുറിച്ചറിഞ്ഞത്'' - അർച്ചന ചിരിച്ചു.
ഫ്ലാഷ് ബാക്ക്
( 2018 ആഗസ്‌റ്റ് 16 )
അമ്പാട്ടുകാവിലൂടെ പെരിയാർ ഗതിയറിയാതെ ഒഴുകുന്നു. റോഡ് പുഴയായി. അലറിവിളികളും രോദനങ്ങളും. നാട്ടുകാരാണ് രക്ഷാപ്രവർത്തകർ. ചാഞ്ചാടിവന്ന ചെറിയ ബോട്ടിൽ നിറയെ ആളുകൾ. ബോട്ടിൽ നിന്ന് വേഗത്തിൽ ഇറങ്ങിയ ആ അമ്മയുടെ മാറിനോട് ചേർന്ന് കുരുന്ന്...കനത്ത മഴയത്തും കാമറ ക്‌ളിക്ക്... ഞൊടിയിടയിൽ അവർ ആംബുലൻസിലേക്ക് കയറി.
ഇന്ന്
ഏഴു വയസുകാരി ശ്രേയയെ ചേർത്തുപിടിച്ച് അർച്ചന ദുരിതങ്ങൾ ഒാർത്തെടുത്തു. ആംബുലൻസിൽ ആദ്യമെത്തിയത് തൊട്ടടുത്തുള്ള മുട്ടം മെട്രോ സ്‌റ്റേഷനിലേക്കായിരുന്നു. അവിടെ കാത്തുനിന്ന, ഭർത്താവ് ഉണ്ണിക്കൃഷ്‌ണന്റെ സുഹൃത്തുക്കൾ തൃപ്പൂണിത്തുറയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആഗസ്‌റ്റ് 15ന് വൈകിട്ട് നാലുമണിയായപ്പോൾ വെള്ളം മുറ്റത്തേക്ക് പരന്നു. അപ്പോൾ ഭയന്നില്ല. വീട്ടിൽ വെള്ളം കയറുമെന്ന് കരുതിയില്ല. പക്ഷേ, വെള്ളം കയറിക്കൊണ്ടേയിരുന്നു. മുകളിലത്തെ നിലയിലെ വാടകക്കാർ പോയതിനാൽ അങ്ങോട്ട് താമസം മാറ്റി. രാത്രിയായതോടെ മതിലുകൾ തകർന്ന് വെള്ളത്തിൽ വീഴുന്ന ശബ്ദം. വെള്ളം തിരതല്ലിക്കയറുന്നു. കെട്ടിയിട്ടിരുന്ന കന്നുകാലികളുടെ കരച്ചിൽ. ആരോ അവയെ അഴിച്ചുവിട്ടു. പുലർന്നപ്പോൾ ചുറ്റിലും കലങ്ങിമറിഞ്ഞ വെള്ളം മാത്രം. ഉച്ചയ്‌ക്ക് ഒരു മണിയോടെ ടെറസിൽ നിന്ന് കരഞ്ഞു വിളിച്ചപ്പോൾ ബോട്ടുകാർ വരികയായിരുന്നു. എല്ലുകൾക്ക് പ്രശ്‌നമുള്ളതിനാൽ അന്ന് മകൾക്ക് നടക്കാനാവില്ലായിരുന്നു. രക്ഷാപ്രവർത്തകർ പൊക്കിയെടുത്ത് ബോട്ടിലെത്തിച്ചു.
മൂന്നു ദിവസത്തിനു ശേഷം തൃപ്പൂണിത്തുറയിൽ നിന്ന് തറവാടായ കൊല്ലം ശാസ്‌താംകോട്ടയിലേക്ക് പോയി. അവിടെ അയൽക്കാർ ഓടിയെത്തി. ചിലർ 'കേരളകൗമുദി'യിലെ ചിത്രം കാണിച്ചു. അന്നാണ് ഞാനും മകളും ആ ചിത്രങ്ങൾ കാണുന്നത്. ഒറിജിനൽ ഫോട്ടോ വേണമെന്ന അർച്ചനയുടെ ആഗ്രഹം നിറവേറ്റിയായിരുന്നു മടക്കം.
ആലുവ കെ.എസ്.ഇ.ബിയിൽ സീനിയർ അസിസ്‌റ്റന്റാണ് അർച്ചന. ഭർത്താവ് കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു.