കൊച്ചി: ജീവനക്കാരും ഭക്തരും നേരിടുന്ന ജാതിവിവേചനങ്ങൾ വിവാദമായതിനിടെ എരൂർ പിഷാരി കോവിൽ ക്ഷേത്രത്തിലെ പാരമ്പര്യകഴകക്കാരിയായ രാധ വാരസ്യാരെ ഒഴിവാക്കി. ഇവരുടെ സഹോദരൻ രവി വാര്യർക്കാണ് പകരം കൊച്ചിൻ ദേവസ്വം ബോർഡ് അവകാശം നൽകിയത്.
രാധാ വാരസ്യാരുടെ മക്കളായ ജയറാം വാര്യരും പരമേശ്വരൻവാര്യരും ഉൾപ്പെട്ട പരാതികളും പ്രശ്നങ്ങളുമാണ് ക്ഷേത്രത്തിലെ ജാതിവിവേചനങ്ങൾ സംബന്ധിച്ച വിവാദങ്ങൾക്ക് മുഖ്യഅടിസ്ഥാനം. ഇവരുടെ ഇടപെടലുകളാൽ ക്ഷേത്രത്തിലെത്തുന്ന പിന്നാക്ക വിഭാഗക്കാരായ ജീവനക്കാരെ സ്ഥലംമാറ്റുകയായിരുന്നുവെന്നാണ് ആരോപണങ്ങൾ. ചില ദേവസ്വം ഉദ്യോഗസ്ഥരും ഇത്തരം നീക്കങ്ങൾക്ക് കൂട്ടുനിന്നു.
ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും പരാതികളുണ്ടായപ്പോൾ ജയൻ വാര്യരെ ക്ഷേത്രത്തിലെ കഴകവൃത്തിയിൽ നിന്ന് വിലക്കി കഴിഞ്ഞവർഷം ദേവസ്വം ബോർഡ് ഉത്തരവായി. അമ്മയെ സഹായിക്കാനെന്ന പേരിലാണ് ഇവർ ക്ഷേത്രത്തിലെ കഴകത്തിനെത്തിയിരുന്നത്.
ക്ഷേത്രം ഉപദേശകസമിതിയുടെ പരാതികളും ഭക്തരുടെ ഭീമഹർജികളും ദേവസ്വം അധികൃതർക്ക് മുമ്പിലെത്തിയിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം ക്ഷേത്രത്തിൽ നിയമിതനായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൗണ്ടർ സ്റ്റാഫ് എസ്.അഭിലാഷിനെതിരെ പരമേശ്വരൻ വാര്യർ പരാതി നൽകിയ അന്നുതന്നെ സ്ഥലംമാറ്റിയതാണ് ജാതിവിവേചന പ്രശ്നങ്ങൾ പുറത്തുവരാൻ കാരണമായത്. പിന്നാലെ തന്നെ ഇയാൾ ജാതീയമായി ആക്ഷേപിച്ചെന്ന പരാതിയുമായി അഭിലാഷ് പൊലീസിനെയും സമീപിച്ചു.
നടപടി വേണമെന്ന് ക്ഷേത്ര ഉപദേശക സമിതി
പിഷാരികോവിൽ വാര്യത്തെ പരമേശ്വര വാര്യരെയും ജയറാം വാര്യരെയും ക്ഷേത്രത്തിെ കഴകം ജോലികളിൽ സഹായികളായി വരാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്ന് ക്ഷേത്ര
ഉപദേശകസമിതിയുടെ അടിയന്തിര യോഗം കൊച്ചിൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. പുതിയ കഴകാവകാശം ലഭിച്ച ബന്ധുവിനെ സഹായിക്കാനെന്ന പേരിൽ ആരോപണ വിധേയർ വീണ്ടും ക്ഷേത്രത്തിൽ ജോലിക്കെത്താൻ സാധ്യതയുണ്ട്. ഇത് പ്രദേശത്ത് സാമുദായിക പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും ഇവരുടെ പ്രവൃത്തികൾ ക്ഷേത്രത്തിന്റെ യശസിന് തീരാ കളങ്കം സൃഷ്ടിച്ചെന്നും പ്രമേയത്തിൽ പറയുന്നു. യോഗത്തിൽ പ്രസിഡന്റ് എം. ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.