ഇടപ്പള്ളി: സങ്കീർണമായ യമണ്ടൻ നിർമ്മിതികൾ പുഷ്പം പോലെ ചെയ്യുന്ന ഇന്ത്യൻ റെയിൽവേ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച ചെറിയ പ്ളാറ്റ് ഫോം ആഴ്ചകൾക്കുള്ളിൽ തകർന്ന് തരിപ്പണം.

സ്റ്റേഷനിലെ ഒന്നാം ഫ്ലാറ്റ്‌ഫോം പൊട്ടിയടർന്നു ഇടിഞ്ഞു താണു. മുകളിലെ കോൺക്രീറ്റിനടിയിൽ പൊള്ളയായ ഭാഗങ്ങളുണ്ടായതാണ് കാരണം. കണ്ണിൽ പൊടിയിടാൻ തറയിൽ ദ്വാരങ്ങളുണ്ടാക്കി കോൺക്രീറ്റ് നിറച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. മൂന്നു മാസം കൊണ്ട് പ്ളാറ്റ്ഫോം ഗോപിയായി.

സ്റ്റേഷന് മുന്നിൽ നിന്ന് നൂറുമീറ്ററോളം പടിഞ്ഞാറേക്കായിരുന്നു നിർമ്മാണം. വേണ്ട രീതിയിൽ മണ്ണ് നിറയ്ക്കാതെ ഉറപ്പിക്കാതെ നടത്തിയതാണ് പണികൾ. കോൺക്രീറ്റ് കഴിഞ്ഞപ്പോഴേ ചെറിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു . ഇത് പിന്നീട് പലതവണ ചെറിയ അറ്റകുറ്റ പണികൾ
നടത്തി അവസാനിപ്പിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

680 മീറ്ററോളം നീളമുള്ള ഒന്നാം ഫ്ലാറ്റുഫോമിന്റെ പുതുക്കിപ്പണിക്ക് അമ്പതു ലക്ഷംരൂപയോളമാണ് ചെലവായത്. പണികൾ പൂർത്തിയായിട്ട് നാലുമാസം തികഞ്ഞിട്ടില്ല. എക്സ്പ്രസ്സ് ട്രെയിനുകൾക്കുൾപ്പെടെ ഇവിടെ സ്റ്റോപ്പ്‌ അനുവദിച്ചതോടെയായിരുന്നു ഫ്ലാറ്റ്‌ഫോം വികസനം.

കരാറുറുകാരനെതിരെ നടപടിയുണ്ടാകും

പ്ളാറ്റ്ഫോം തകർന്നതിനെ തുടർന്ന് റെയിൽവേ കരാറുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന.

ഫ്ലാറ്റ്ഫോമിലെ മണ്ണ് പണികളിലെ പോരായ്മയാണ് തകർച്ചക്ക് കരണമായതെന്ന് റെയിൽവേ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പാളത്തിന്റയും മറ്റും സുരക്ഷിതത്വം കണക്കിലെടുത്തു ഹാൻഡ് റോളർ
ഉപയോഗിച്ചാണ് മണ്ണ് ബലപ്പെടുത്തിയത്. വീണ്ടും ബലപ്പെടുത്തൽ ജോലികൾ നടത്തി കേടുപാടുകൾ തീർക്കാൻ ഉടനടി നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.