വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.പി. ഷിബുവിനെതിരെ (സി.പി.എം.) കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെ ചർച്ചക്കെടുത്തപ്പോൾ ഭരണകക്ഷിഅംഗങ്ങൾവിട്ടു നിന്നു. 16 അംഗ ഭരണസമിതിയുടെ അവിശ്വാസ ചർച്ചയിൽ ആറ് അംഗങ്ങളുള്ള കോൺഗ്രസ്സും ബി.ജെ.പി. യുടെ ഏക അംഗവും മാത്രം ഹാജരായി. ഇതോടെ കോറമില്ലാത്തതിനാൽ യോഗം പിരിയുന്നതായും അവിശ്വാസ പ്രമേയം തള്ളിപ്പോയതായും വരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി നമ്പൂതിരി പ്രഖ്യാപിച്ചു. ഒരംഗം വീതമുള്ള ബി.ജെ.പി., സി.പി.ഐ., സി.പി.ഐ.(എം.എൽ) റെഡ് ഫ്‌ളാഗ് കക്ഷികളായിരുന്നു. കോൺഗ്രസിന്റെ പ്രതീക്ഷ. വൈപ്പിൻ മണ്ഡലത്തിൽ സി.പി.എം-സി.പി.ഐ കക്ഷികൾ പല രംഗത്തും കൊമ്പു കോർത്ത് നിൽക്കുമ്പോൾ അതു മുതലാക്കി സി.പി.ഐ.യെ കൂടെ നിർത്താമെന്നും ബി.ജെ.പി.യും സി.പി.ഐ. റെഡ്ഫ്‌ളാഗും തങ്ങളോട് സഹകരിക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. കണക്ക് കൂട്ടലുകളെല്ലാം പാളിയതോടെ അവിശ്വാസനീക്കം പരാജയപ്പെടുകയായിരുന്നു.
കോറം തികയാതെ യോഗം പിരിഞ്ഞതിനു ശേഷം ഇടത് അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തി. സമാപന യോഗത്തിൽ സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.എ. സാജിത്ത് പ്രസംഗിച്ചു.