വൈപ്പിൻ: പുഴയിലും പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും തള്ളുന്ന മാലിന്യം അവരവരുടെ വീടുകളിൽ തന്നെ തിരിച്ചെത്തിക്കാൻ മുനമ്പം ബീച്ച് വാർഡിലെ കൂട്ടായ്മ തീരുമാനിച്ചു. ആരോഗ്യശുചിത്വസമിതി, കുടുംബശ്രീ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ്മയിലാണ് ഇത്തരമൊരു നടപടി തീരുമാനിച്ചത്. മാലിന്യം തള്ളുന്നവരെ കൃത്യമായി കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ ഉടൻ സ്ഥാപിക്കും. ഓരോ മീറ്റർ നീളവും വീതിയുമുള്ള ജൈവ മാലിന്യം സംസ്‌കരണ യൂണിറ്റുകൾ പൂർണമായും സർക്കാർ സബ്‌സിഡിയോടെ വീടുകളിൽ സ്ഥാപിക്കും. ആരോഗ്യജാഗ്രതയുടെ ഭാഗമായ ഹോട്ട് സ്‌പോട്ട് ഇന്റർവെൻഷൻ ക്യാമ്പയിൻ വരും ദിവസങ്ങളിലും തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. പി. കീർത്തി അറിയിച്ചു.