കൊച്ചി : സംവിധായകനും സാഹിത്യകാരനുമായിരുന്ന ജേസിയുടെ ഓർമ്മയ്ക്കുള്ള ജേസി ഫൗണ്ടഷൻ സിനിമ ,ടി.വി നാടക അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയെ (അബ്രഹാമിന്റെ സന്തതികൾ) മികച്ച നടനായും മഞ്ജു വാര്യരെ (ഒടിയൻ) നടിയായും തിരഞ്ഞെടുത്തു.
പി.കെ. സജീവ്, ആനി സജീവ് എന്നിവർ സംവിധാനം ചെയ്ത കിണറാണ് മികച്ച സിനിമ. മികച്ച ടി.വി സിരീയലായി സീ കേരളയിലെ അല്ലിയാമ്പലും മികച്ച സീരിയൽ നടനായി വിഷ്ണുപ്രസാദും (സ്ത്രീപഥ്), നടിയായി ഷഫ്‌നയും (ഭാഗ്യജാതകം) തിരഞ്ഞെടുക്കപ്പെട്ടു..മികച്ച നാടകം റാവു മമ്മാലെ വോറാണ് (കൊങ്കിണി), മികച്ച നാടക നടൻ പ്രദീപ് (ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക), നടി വിദ്യ വിജയകുമാർ (ബോൺ വോയേജ്). ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന് തകരയുടെ നിർമ്മാതാവ് ബാബു ചേർത്തല, ആദ്യകാല ചലച്ചിത്ര നിരൂപകൻ ശ്രീകുമാർ വർമ്മ, മരിയ ലില്ലി ടീച്ചർ എന്നിവർ അർഹരായി. 17ന് വൈകീട്ട് നാലിന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും.ഉദ്ഘാടനം സംവിധായകൻ കെ.എസ്. സേതുമാധവൻ നിർവഹിക്കും. ജൂറി ചെയർമാൻ കാർട്ടൂണിസ്റ്റ് യേശുദാസൻ, ജേസി ഫൗണ്ടേഷൻ ചെയർമാൻ ജെ.ജെ.കുറ്റിക്കാട്ട്, കവയത്രി ബൃന്ദ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.