പറവൂർ : വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രഗ് ഫ്രീ കാമ്പസ് ക്യാമ്പയിൻ നടത്തുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരളയും ചേർന്ന് നടത്തുന്ന ബോധവത്കരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, ഡോ. ഏബ്രഹാം വർഗീസ്, ഡോ.കെ.എ. ശ്രീവിലാസൻ, ഡോ.എം.എൻ. വെങ്കിടേശ്വരൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളിലാണ് ബോധവത്കരണ പരിപാടികൾ നടത്തുക. ഡോ.എം.എൻ.വെങ്കിടേശ്വരൻ നിർമിച്ചു സത്യൻ കൊളങ്ങാട് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘അകം’ എല്ലാ പരിപാടികളിലും പ്രദർശിപ്പിക്കും. ചടങ്ങിൽ ഐ.എം.എ പുറത്തിറക്കി നഗരസഭ പരിധിയിലെ സ്കൂളുകളിൽ സൗജന്യമായി വിതരണം ചെയ്യുന്ന നമ്മുടെ ആരോഗ്യം മാസികയുടെ പ്രകാശനവും നടന്നു.