ആലുവ: പഞ്ചായത്തംഗങ്ങൾ ഏറ്റുമുട്ടിയ ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ മനക്കത്താഴത്തെ റോഡിനെ ചൊല്ലി 17 -ാം വാർഡ് ഗ്രാമസഭയിൽ തർക്കം. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭയിലായിരുന്നു തർക്കം.

അംഗൻവാടിയിലേക്ക് വഴി നിർമ്മിക്കാനെന്ന പേരിലാണ് സി.പി.എം ഭരിച്ചിരുന്ന പഞ്ചായത്ത് അധികാരികൾ രണ്ട് ഘട്ടങ്ങളിലായി 28 ലക്ഷം രൂപ അനുവദിച്ചത്. . 2007ൽ സി.പി.എമ്മിലെ കെ.എ. അലിയാർ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് മനക്കത്താഴം റോഡ് നിർമ്മാണത്തെ പറ്റി ആലോചനകൾ ആരംഭിക്കുന്നത്. ഇവിടെയുള്ള കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന റോഡ് നിർമ്മിക്കാനായിരുന്നു പദ്ധതി. റോഡ് നിർമ്മിച്ച് നൽകിയാൽ രണ്ട് സെന്റ് അംഗൻവാടിയ്ക്ക് സൗജന്യമായി നൽകാൻ ഭൂവുടമകൾ തയ്യാറായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
പിന്നീട് സി.പി.എം. വീണ്ടും അധികാരത്തിലെത്തിയപ്പോൾ2017ൽ 13 ലക്ഷം രൂപയും 2018 ൽ 15 ലക്ഷവും പഞ്ചായത്ത് അനുവദിച്ചു. ഇതിനിടെ എം.വി. ഗോവിന്ദൻ ജില്ലാ സെക്രട്ടറിയായിരിക്കെ സി.പി.എം രണ്ട് സെന്റ് ഭൂമി ഇവിടെ വാങ്ങി. ഇത് അംഗൻവാടിക്കായി കരുതി വെച്ച സ്ഥലമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
അംഗൻവാടി കെട്ടിടത്തിനായി വഴി അനുവദിക്കുവാൻ പുറമ്പോക്ക് സ്ഥലത്ത് നിർമ്മിച്ച ചാർത്ത് പൊളിച്ചുമാറ്റാൻ 2007ൽ പഞ്ചായത്ത് നൽകിയ നോട്ടീസ് യോഗത്തിനെത്തിയ ഒരുസ്ഥലമുടമ ഉയർത്തി കാട്ടി.
കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഈ വഴിയെ ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചിരുന്നു. സ്വതന്ത്രാംഗം പി.കെ. യൂസഫും സി.പി.എം. അംഗം കെ.എ. ഹാരിസുമാണ് ഏറ്റുമുട്ടിയത്.


സ്ഥലം വിലകൊടുത്ത് വാങ്ങിയത്: സി.പി.എം


മനക്കത്താഴത്തേയ്ക്ക് വഴിയില്ലാത്തതിനാൽ അംഗൻവാടി കെട്ടിടം പദ്ധതി പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായതെന്ന് സി.പി.എം ഏരിയ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി. ഉദയകുമാർ പറഞ്ഞു. പിന്നീട് ലോക്കൽ കമ്മിറ്റി ഓഫീസിനായി ഇവിടെ രണ്ട് സെന്റ് സ്ഥലം സി.പി.എം വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മനക്കത്താഴം റോഡിനായി ഫണ്ട് അനുവദിച്ചപ്പോൾ കോൺഗ്രസ് പ്രതിപക്ഷത്തായിരുന്നു. അന്ന് കോൺഗ്രസ് അംഗങ്ങൾ എതിർപ്പ് അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.