കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം നൽകി പലരിൽ നിന്നായി 12 ലക്ഷം തട്ടിയ യുവാവ് പിടിയിൽ. എറണാകുളം എസ്.ആർ.എം റോഡിൽ സ്‌കൈ ലൈൻ ട്രാവെൽസ് ആൻഡ് ജോബ് കൺസൾട്ടൻസി നടത്തിയിരുന്ന ആലപ്പുഴ പൂങ്കാവ് വലിയവീട്ടിൽ ആന്റണി ഫെലിക്‌സ് (33) ആണ് പിടിയിലായത്.
കൊല്ലം കടക്കൽ സ്വദേശി ഫിറോസിന് ദോഹ ഇന്റർനാഷണൽ സ്‌കൂളിൽ ഹെൽത്ത് നേഴ്‌സ് ആയി ജോലി നൽകാം എന്ന് പറഞ്ഞു രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതിനാണ് അറസ്റ്റ്.
പണം വാങ്ങി 8 മാസമായിട്ടും ജോലി ലഭിക്കാത്തത് അന്വേഷിക്കാനായി ഫിറോസ് എത്തിയപ്പോൾ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഇയാൾ നോർത്ത് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ എസ്.ആർ.എം റോഡിലെ ഓഫീസ് നിർത്തി പാലാരിവട്ടത്ത് റെനോ റേഷ്യോ എന്ന പേരിൽ പുതിയ ഓഫീസ് തുടങ്ങിയിരുന്നു ആന്റണി ഫെലിക്സ്.
കൊല്ലം പാരിപ്പള്ളി സ്വദേശിക്കും ഭാര്യക്കും ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ ജോലിയും അവരുടെ കുട്ടികൾക്കു അവിടെ അഡ്മിഷനും ശരിയാക്കി കൊടുക്കാം എന്ന് വിശ്വസിപ്പിച്ചു 5 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ണൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയുടെ നിർദ്ദേശപ്രകാരം നോർത്ത് എസ്.എച്ച്.ഒ സിബി ടോം, എസ്.ഐ ജബ്ബാർ, എ.എസ്.ഐ ഡെന്നി , എസ്.സി.പി.ഒ വിനോദ് കൃഷ്ണ, സി.പി.ഒ ഫെബിൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും.