കൊച്ചി : മതഭീകര സംഘടനകളുടെ പിന്തുണയോടെയാണ് കേരളത്തിൽ യു.ഡി.എഫ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിച്ചതെന്നും ഇത്തരം സംഘടനകളുമായി യു.ഡി.എഫ് ബന്ധം തുടരുകയാണെന്നും ബി.ജെ.പി സംസ്ഥാന നിർവാഹക സമിതിയോഗം വിലയിരുത്തി. മതന്യൂനപക്ഷങ്ങൾ ബി.ജെ.പിയിലേക്ക് കൂട്ടമായി കടന്നു വരുന്നുണ്ടെന്ന് യോഗത്തിൽ വിലയിരുത്തിയെന്നും പാർട്ടി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്‌ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചാവക്കാട്ട് എസ്.ഡി.പി.ഐയുടെ ആക്രമണത്തിലാണ് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. എന്നിട്ടും അവരോട് കോൺഗ്രസുകാർ മൃദു സമീപനമാണ് സ്വീകരിച്ചത്. അഭിമന്യു വധക്കേസിൽ സി.പി.എമ്മും ഇതേ നിലപാടിലായിരുന്നു. യു.ഡി.എഫിനൊപ്പം പോയ ഇത്തരം സംഘടനകളുടെ പിന്തുണ തിരിച്ചു പിടിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുന്നു. ഇങ്ങനെ കേരളത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞാണ് ന്യൂനപക്ഷങ്ങൾ ബി.ജെ.പിയോട് അടുക്കുന്നത്. മെമ്പർഷിപ്പ് കാമ്പെയിനിൽ ഇതു വ്യക്തമാകുന്നുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. ഇവിടെ മുൻകാലങ്ങളിൽ പഠിച്ച എല്ലാ സി.പി.എം നേതാക്കളുടെയും പരീക്ഷകൾ പരിശോധിക്കണം. - പി.കെ. കൃഷ്‌ണദാസ് പറഞ്ഞു.
പുതുതായി അഞ്ച് ലക്ഷം പേർ ചേർന്നതായി എ.എൻ. രാധാകൃഷ്‌ണൻ
കേരളത്തിലെ മെമ്പർഷിപ്പ് കാമ്പെയിനിൽ പുതുതായി അഞ്ച് ലക്ഷം പേരെ പാർട്ടിയിൽ ചേർത്തെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്‌ണൻ പറഞ്ഞു. ഇതിൽ 10,000 ത്തോളം പേർ മറ്റു പാർട്ടികളിൽ വിവിധ ചുമതലകൾ വഹിച്ചിരുന്നവരാണ്. കാമ്പെയിൻ പൂർത്തിയാകുന്നതോടെ ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയാണെന്ന പ്രചരണം മറ്റു പാർട്ടികൾക്ക് അവസാനിപ്പിക്കേണ്ടി വരും. അടുത്ത ഡിസംബറാകുന്നതോടെ ആകെ അംഗങ്ങളുടെ എണ്ണം 30 ലക്ഷം എത്തിക്കുകയാണ് ലക്ഷ്യമെന്നും എ.എൻ. രാധാകൃഷ്‌ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിലേക്ക് അടുത്തിടെ എത്തിയ എ.പി. അബ്ദുള്ളക്കുട്ടി പ്രത്യേക ക്ഷണിതാവായി കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.