railway

സർവേ ഉടൻ ആരംഭിക്കും

ഇടപ്പള്ളി: എറണാകുളം - ഷൊർണൂർ മൂന്നാം പാത നിർമ്മാണത്തിന് റെയിൽവേ നടപടികൾ തുടങ്ങി.
ആറു കോടി ചെലവുള്ള സർവേയ്ക്കായി ഒരു കോടിരൂപ അനുവദിച്ചു. ബാക്കി തുക ഒരു മാസത്തിനുള്ളിൽ അനുവദിക്കുമെന്നാണ് സൂചന. സർവേ നടപടികൾ ഉടൻ ആരംഭിക്കും.

നാലുമാസത്തിനകം സർവേ പൂർത്തിയാക്കാനാണ് തീരുമാനം. സർവേ റിപ്പോർട്ടിന് റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കണം. തുടർന്ന് സ്ഥലം ഏറ്റെടുക്കാനായി കേരള സർക്കാരിന് റെയിൽവേ റിപ്പോർട്ട് സമർപ്പിക്കും.

പദ്ധതി നടപ്പായാൽ കേരളത്തിലെ ആദ്യ മൂന്നുവരി റെയിൽപ്പാതയാകും ഇത്. സംസ്ഥാനത്തെ ഏറ്റവും തിരക്കുള്ള ഈ റൂട്ടിൽ ട്രെയിനുകളുടെ വൈകി ഓട്ടം ഒഴിവാക്കാനും വേഗത വർദ്ധിപ്പിക്കാനും മൂന്നാം പാത ഉപകരിക്കും.

നിലവിലുള്ള പാതയ്ക്ക് ഏതാണ്ട് സമാന്തരമായാണ് എറണാകുളം മുതൽ തൃശൂർ വരെ പുതിയ പാത പോവുക. ഷൊർണൂരിലേക്കുള്ള അലൈൻമെന്റിൽ മാറ്റമുണ്ടാകും.

നിലവിലെ പാതയിൽ സർവീസുകൾ താങ്ങാവുന്നതിലും അധികമാണ്. തിരുവനന്തപുരത്തു
നിന്നും എറണാകുളത്തെത്തുന്ന ട്രെയിനുകൾ
പിന്നീട് ഒരു ട്രാക്കിലൂടെ വേഗത കുറച്ച് വേണം കടന്നുപോകാൻ.

130 കിലോമീറ്റർ വേഗത

എറണാകുളം -ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ പരമാവധി വേഗത 80 കിലോമീറ്ററാണ്. ഇടതടവില്ലാതെ ട്രെയിനുകൾ ഓടുന്നതിനാൽ വേഗ നിയന്ത്രണവുമുണ്ട്. മൂന്നാം പാത വന്നാൽ ഇത് 130 കിലോമീറ്റർ ആക്കാം. ഒരു മണിക്കൂറിലേറെ ലാഭിക്കാം. പുതിയ സർവീസുകൾ ആരംഭിക്കാം.

107 കിലോമീറ്റർ

എറണാകുളം - ഷൊർണൂർ

107 കിലോമീറ്ററാണ് ദൈർഘ്യം.

178 ഹെക്ടർ

മൂന്നാം പാതയ്ക്ക് വേണ്ടി ഏകദേശം 178 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും.

1518 കോടി രൂപ

ഈ പുതിയ പാതയ്ക്കായി 2018ൽ 1518 കോടി രൂപ കേന്ദ്ര സർക്കാർ ചെലവ് കണക്കാക്കിയിട്ടുണ്ട്.

പാലക്കാട് - പോത്തന്നൂർ പാത

ഉപേക്ഷിച്ചത് തിരിച്ചടി

കേരളത്തിന് ഏറെ നേട്ടങ്ങൾ നൽകേണ്ട തമിഴ്‌നാട്ടിലെ പോത്തന്നൂർ -പാലക്കാട് മൂന്നാം പാത നിർദ്ദേശം ഉപേക്ഷിച്ച മട്ടാണ്. വാളയാർ മുതൽ വന പ്രദേശത്തുകൂടിയുള്ള പാത നിർമ്മാണമാണ് ഇതിന് തടസമായത്. സാദ്ധ്യതാ പഠനത്തിന് ശേഷം നടപടികൾ ഒന്നുമില്ല.
എറണാകുളത്തു നിന്നുള്ള മൂന്നാം പാത പോത്തന്നൂരിലേക്കു നീട്ടിയിരുന്നെങ്കിൽ നിരവധി പുതിയ ദീർഘദൂര സർവീസുകൾക്ക് വഴി തുറക്കുമായിരുന്നു.