കൊച്ചി : ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം കാരുണ്യമാതാ ബസിലിക്കയിലെ മദ്ധ്യസ്ഥ തിരുനാളിനു മുന്നോടിയായി സെപ്തംബർ എട്ടിന് വരാപ്പുഴ സംഘടിപ്പിക്കുന്ന തീർത്ഥാടനത്തിനുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.
അതിരൂപത വികാരി ജനറൽ മാത്യു ഇലഞ്ഞിമറ്റം, ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ തലക്കെട്ടി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, കെ.എൽ.സി.എ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ, ഡോ. സ്റ്റാൻലി മാതിരപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ബസിലിക്ക അങ്കണത്തിലെ റോസറി പാർക്കിലാണ് 40,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തൽ ഒരുക്കുന്നത്.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നിന്ന് മൂന്നിനും വൈപ്പിനിലെ ഗോശ്രീ കവലയിൽ നിന്ന് നാലിനും പുറപ്പെടുന്ന പദയാത്രകൾ വല്ലാർപാടം ബസിലിക്ക റോഡിൽ ഒത്തുചേർന്ന് ബസിലിക്കാ അങ്കണത്തിലെ റോസറി പാർക്കിലേക്കു നീങ്ങും.
സെപ്തംബർ 16ന് കൊടിയേറുന്ന ബസിലിക്കയിലെ മധ്യസ്ഥ തിരുനാൾ 24ന് സമാപിക്കും. ഒക്‌ടോബർ ഒന്നിനാണ് എട്ടാമിടം.