cancer
കാൻസർ വിമുക്ത എറണാകുളം പദ്ധതി മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജില്ലാതല കാൻസർ നിയന്ത്രണ പരിപാടിയായ കാൻസർ വിമുക്ത എറണാകുളം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. താഴെത്തട്ടിലുള്ള തുടർച്ചയായ ബോധവത്കരണവും ശാസ്ത്രീയമായ പ്രതിരോധ സംവിധാനവും ഉറപ്പുവരുത്തുന്ന പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ അനുമതിയുണ്ടെങ്കിൽ തന്റെ എം.എൽ.എ ഫണ്ടിൽ നിന്നു 25 ലക്ഷം രൂപ കൊച്ചി കാൻസർ റിസർച്ച് സെന്ററിന് നൽകാൻ തയ്യാറാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പി.ടി. തോമസ് എം.എൽ.എ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജാൻസി ജോർജ്, സി.കെ അയ്യപ്പൻകുട്ടി, ഷൈല പി.എസ്, കെ. വൈ. ടോമി തുടങ്ങിയവർ പങ്കെടുത്തു.

 കാൻസർ രജിസ്റ്റർ തയ്യാറാകും

കാൻസർ രോഗത്തെ ഒരുമിച്ച് നേരിടുക എന്ന ജില്ലാ ആസൂത്രണസമിതി യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും കൈകോർത്ത് കാൻസർ വിമുക്ത എറണാകുളം പദ്ധതി നടപ്പിലാക്കുന്നത്. ഓരോ തദ്ദേശഭരണ സ്ഥാപനവും ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസിന്റെ വിദഗ്ദ്ധ മാർഗനിർദേശത്തിൽ നിർണയിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെയും നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെയും നേതൃത്വത്തിൽ അതാത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ ജനസംഖ്യ അടിസ്ഥാനത്തിൽ കാൻസർ രജിസ്റ്റർ തയ്യാറാകും.

പദ്ധതി ലക്ഷ്യമിടുന്നത്

 ബോധവത്കരണം

 നേരത്തെയുള്ള കാൻസർ നിർണയം

 ചിട്ടയായ ചികിത്സാസംവിധാനം ഉറപ്പാക്കൽ

 തുടർ ബോധവത്കരണ പ്രവർത്തനങ്ങൾ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വകയിരുത്തേണ്ട തുക

 ഗ്രാമപഞ്ചായത്തുകൾ 1 ലക്ഷം രൂപ

 ബ്ലോക്ക് പഞ്ചായത്തുകൾ 2 ലക്ഷം രൂപ

 നഗരസഭകൾ 3 ലക്ഷം രൂപ

 കോർപ്പറേഷനും ജില്ലാ പഞ്ചായത്തും 10 ലക്ഷം രൂപ വീതം

ആകെ അടങ്കൽ തുക 169 ലക്ഷം രൂപ