കൊച്ചി : ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന നൂതനമാറ്റങ്ങളൂടെ ഒരു പടവുകൂടിയാണ് ഹ്യൂമൻ മിൽക്ക് ബാങ്ക് പദ്ധതിയെന്നും ഇത് സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുലപ്പാൽ സംഭരിച്ച് കുഞ്ഞുങ്ങൾക്ക് നൽകുന്ന കേരളത്തിലെ ആദ്യ ഹ്യുമൻ മിൽക്ക് ബാങ്ക് പദ്ധതിയായ ജീവാമൃതത്തിന്റെ ലോഗോ പ്രകാശിപ്പിക്കുകയായിരുന്നു മന്ത്രി.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഗുണകരമായ പദ്ധതിയാണിത്. സംസ്ഥാന സർക്കാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്നാണ് പദ്ധതി വ്യാപിപ്പിക്കുക. റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് തൃശൂരിലെ ജൂബിലി മിഷൻ ഹോസ്പിറ്റലിലും നടപ്പാക്കും. മുലപ്പാൽ ദാനം നൽകാൻ സന്നദ്ധതയുള്ളവരിൽ നിന്ന് സ്വീകരിച്ച് സൂക്ഷിച്ച് ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നതാണ് പദ്ധതി.
ജനറൽ ആശുപത്രിയിലെ പദ്ധതിക്ക് പാസ്ച്വറൈസേഷൻ യൂണിറ്റ്, റഫ്രിജറേറ്ററുകൾ, ഡീപ്പ് ഫ്രീസറുകൾ, ബ്രസ്റ്റ് പമ്പ്, ആർ.ഒ പ്ലാന്റ്, സ്‌റ്റെറിലൈസിംഗ് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ എന്നിവ 35 ലക്ഷം രൂപ മുടക്കിൽ റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലാണ് നൽകുക. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയും റോട്ടറി കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. പി.ജി. പോളും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ്ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ജീവാമൃതം റോട്ടറി ഡിസ്ട്രിക്ട് കോ- ഓർഡിനേറ്റർ ഡോ. ഫെസി ലൂയിസ്, ഡോ. അനിത, ഐ.എം.എ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ എന്നിവർ സംസാരിച്ചു.