ആലുവ: തിരിനന സങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ റൂറൽ ജില്ല പൊലീസ് മേധാവിയുടെ വീട്ട് വളപ്പിൽ പച്ചക്കറി കൃഷി തുടങ്ങി.
തോട്ടയ്ക്കാട്ടുകരയിൽ എസ്.പിയുടെ ക്യാബ് ഓഫീസിനോട് ചേർന്നുള്ള 30 സെന്റ് ഭൂമിയിലാണ് 100 ഗ്രോബാഗുകളിൽ വെണ്ടക്ക, വഴുതനങ്ങ, പച്ചമുളക്, തക്കാളി, പാവക്ക എന്നിവ തിരിനന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. പദ്ധതി പ്രകാരം കൃഷി ചെയ്യുമ്പോൾ രണ്ടാഴ്ചയിൽ ഒരിയ്ക്കൽ ഗ്രോബാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പിൽ വെള്ളം ഒഴിച്ചാൽ ചെടിക്ക് അവശ്യമുള്ള വെള്ളം തിരിനന വലിച്ച് എടുക്കും. വിളകൾക്ക് എപ്പോഴും ഈർപ്പവും നല്ല വിളവും ലഭിയ്ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
റൂറൽ എസ്.പി ജി. കാർത്തിക്, നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിജു ചുള്ളിക്കാടൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ, കൃഷി അസി: ഡയറക്ടർ വി. അനിതകുമാരി, . ലൂസിയാ മെൻറിസ്റ്റ്, കൃഷി ഓഫീസർ പി.എസ്. മജ്ഞു എന്നിവർ ചേർന്ന് പച്ചക്കറിതൈകൾ നട്ടു.
എസ്.പി യുടെ ആവശ്യപ്രകാരമാണ് ഇവിടെ പച്ചക്കറി കൃഷി ആരംഭിച്ചത്. റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും പച്ചക്കറി കൃഷി ആരംഭിക്കുമെന്നും എസ്. പി പറഞ്ഞു.