പറവൂർ : കേരളത്തിൽ കുതിര വാഴില്ലെന്നത് പഴങ്കഥ . കൊടുങ്ങല്ലൂർ സ്വദേശിയായ മുപ്പത്തിമൂന്നുകാരൻ ബിപിൻകുമാർ കുതിര റൈഡിംഗിലും ജംമ്പിംഗിലുംഇന്ന് ആശാനാണ്. മാള പൂപ്പത്തിയിൽ അച്ഛൻ മകൾക്ക് പന്ത്രണ്ടാം പിറന്നാൾ സമ്മാനമായി നൽകിയ കുതിരയിൽ പായുന്ന കൃഷ്ണ യൂട്യൂബിൽ വൈറലായിരുന്നു. പരിശീലനം നൽകിയത് ബിപിനാണ്.പറവൂരിൽ ചേതക് എന്ന പേരിൽ റൈഡിംഗ് ക്ലബ്ബ് ആരംഭിച്ചതോടെ കുതിരകളുടെ എണ്ണവും കൂടി. രാജസ്ഥാനിലെ കുതിര ചന്തയായ പുഷ്കർ മേളയിൽ നിന്നും പലപ്പോഴായി വാങ്ങിയ സോണിയ, വീര, റോക്കി, ഇമ്രാൻ, ദ്രോണ മുതൽ പത്ത് മാസം പ്രായമുള്ളസുൽത്താൻ വരെയുള്ള പത്ത് കുതിരകളുടെ ഉടമയാണ് ബിപിനിപ്പോൾ. പറവൂർ പെരുവാരത്ത് പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്താണ് റൈഡിംഗ് സെൻറർ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജ്മെൻറുകളുടെ ക്ഷണപ്രകാരം ചില സ്കൂളുകളിലും പരിശീലനവും ക്ലാസും ബിപിൻ നൽകുന്നുണ്ട്.
സുഹൃത്തായിരുന്ന അമലിന് ഒരു കുതിരയെ വാങ്ങണമെന്ന ആഗ്രഹമാണ് ഇതിനു പിന്നിലുള്ള തുടക്കം. ബാംഗ്ലൂരിലെ ഹോഴ്സ് റൈസിംഗ് സെന്ററിൽ നിന്നും ഏഴു വയസു പ്രായമുള്ള ഗോൾട്ടൺ എന്ന പേരുള്ള കുതിരയെ ആദ്യം സ്വന്തമാക്കി. തറോ ബ്രീഡ് ഇനത്തിൽപ്പെട്ടതായിരുന്നു ഗോൾട്ടൺ. ലക്ഷങ്ങളുടെയും കോടികളുടെയും വാതുവപ്പ് കേന്ദ്രമായബാംഗ്ലൂർ ജാക്ക് പോർട്ടിലെ നമ്പർ വൺ ആയിരുന്നു ഗോൾട്ടൻ. ഏഴ് വയസുകഴിഞ്ഞാൽ ജാക്ക് പോർട്ട് കുതിരകളെ കൊന്നുകളയുകയാണ് പതിവ്. ഒന്നേകാൽ ലക്ഷം രൂപ നൽകി നാട്ടിലെത്തിച്ചു. ഏട്ട് മാസത്തോളം പരിചരിചതോടെ കൂട്ടുകാരന്റെ കുതിര ഭ്രമത്തിന് വിരാമമായി. കുതിരയുടെ സംരക്ഷണം ബിപിന്റെ ചുമലിലായി. മണൽ വിപണനം നടത്തിയിരുന്ന ബിപിന് നിരോധനം വന്നതോടെ മണൽ ഷട്ടർ അടച്ചു പൂട്ടേണ്ടി വന്നു. അതോടെ കുതിരയുമായി അടുത്തിടപഴകാൻ കൂടുതൽ സമയം കിട്ടി.പിന്നീട് സ്വയം പരിശീലകനായി മാറി. വളരെ നാളത്തെ ശ്രമം കൊണ്ടാണ് കുതിരപ്പുറത്ത് കയറാനായത്. അങ്ങനെ വീട്ടുവളപ്പിൽ നിന്നും റോഡിലേക്കും അവിടെ നിന്നും തിരക്കേറിയ ടൗണിലേക്കും കതിരപ്പുറത്ത് യാത്ര ആരംഭിച്ചു. ഇതിനിടെ കുതിര സവാരിയിൽ പരിശീലനവും നൽകി തുടങ്ങി.