നെടുമ്പാശേരി: സംസ്ഥാനത്ത് പുതിയതായി രൂപീകരിക്കുന്ന നഗരസഭകളുടെ സാദ്ധ്യത പട്ടികയിൽ നെടുമ്പാശേരി ഗ്രാമപഞ്ചായത്തും ഇടം നേടി. അടുത്തവർഷം സെപ്തംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുൻപ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറെടുക്കുന്നത്.

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പശ്ചാത്തലത്തിൽ അതിവേഗം നഗരവത്കരണത്തിലേക്ക് നീങ്ങുന്ന പഞ്ചായത്ത് എന്ന നിലയിലാണ് നെടുമ്പാശേരി പഞ്ചായത്തിനെയും നഗരസഭയിലേക്ക് മാറ്റാൻ ഒരുങ്ങുന്നത്. 19 വാർഡുകളിലായി 30,000 ത്തോളമാണ് പഞ്ചായത്തിലെ ജനസംഖ്യ. ചെങ്ങമനാട് പഞ്ചായത്തിലെ ചില വാർഡുകൾ നഗരസഭയിലേക്ക് കൂട്ടിച്ചേർക്കാനും സാദ്ധ്യതയുണ്ട്. നഗരസഭയിലേക്ക് രൂപം മാറുന്നതോടെ പറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും പുനർനിർണയിക്കേണ്ടി വരും. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെയും അതിർത്തിയിലും മാറ്റം വരും.