വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന ഫസ്റ്റ് മീൽ (അമൃതം) പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12 ന് മാലിപ്പുറം കർത്തേടം സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മൂന്നാം വർഷ ഉദ്ഘാടനം നിർവഹിക്കും.
എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സി. ഡയറക്ടർ പ്രസാദ് പണിക്കർ, കളക്ടർ എസ്. സുഹാസ്, ഡോ. കെ.എസ്. പുരുഷൻ, ഫാ. മൈക്കിൾ ഡിക്രൂസ്, മിനി എന്നിവർ പ്രസംഗിക്കും.
എസ്. ശർമ്മ എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ച് ബി.പി.സി.എൽ കൊച്ചി റിഫൈനറിയാണ് പദ്ധതി നടത്തിപ്പിനുള്ള സഹായം നല്കി വരുന്നത്. അതത് പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്കാണ് നടത്തിപ്പ് ചുമതല. ഭക്ഷണം നൽകുന്നതിന് പ്രധാന അദ്ധ്യാപകൻ, പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മണ്ഡലതലത്തിലുള്ള മേൽനോട്ടം വെളിച്ചം കൗൺസിലാണ് നിർവഹിക്കുന്നത്. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി 71 സ്‌കൂളുകളിലെ 12703 വിദ്യാർത്ഥികൾക്കാണ് ഭക്ഷണം നൽകുന്നത്.