ആലുവ: നഗരസഭ അധികൃതരെ അറിയിക്കാതെ എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം സി.പി.എം ചടങ്ങാക്കിയതിനെതിരെ കൗൺസിൽ യോഗത്തിൽ ബഹളം. അറിവില്ലായ്മയിൽ സംഭവിച്ചതാണെന്ന് പറഞ്ഞ് ഒടുവിൽ വനിതാ കൗൺസിലർ തടിയൂരി.
ആലുവ ഗവ. ആശുപത്രി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ദിവസം ജി.സി.സി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം നടത്തിയത്തിയതാണ് വിവാദമായത്. ഇന്നസെന്റ് എം.പിയായിരിക്കെ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഇതിന്റെ ഉടമസ്ഥാവകാശവും പരിപാലനവും നഗരസഭയ്ക്കാണെന്നും തന്റെയും കൗൺസിൽ അനുമതിയും ഇല്ലാതെ ഉദ്ഘാടനം നടത്തിയ വാർഡ് കൗൺസിലർക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നു ചെയർപേഴ്‌സൺ ലിസി എബ്രഹാം കൗൺസിലിനെ അറിയിച്ചു. തുടർന്നാണ് വാർഡ് കൗൺസിലർ ഷൈജി രാമചന്ദ്രൻ ഖേദപ്രകടനം നടത്തിയത്.
ഭരണപക്ഷ കൗൺസിലർമാരായ കെ.വി. സരള, ജെറോം മൈക്കിൾ, പി. എം മുസ്സാകുട്ടി, വി. ചന്ദ്രൻ, ലളിതാ ഗണേശൻ, ടിമ്മി ബേബി എന്നിവരാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്.