ആലുവ: പാലിയേറ്റീവ് കെയർ രംഗത്തുള്ള സംഘടനകളേയും പ്രവർത്തകരേയും സംസ്ഥാന തലത്തിൽ ക്രോഡീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആലുവയിൽ യുവധാര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആറാം വാർഷികവും രോഗീബന്ധുസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആലുവ നിയോജകമണ്ഡലം പരിധിയിൽ വരുന്ന 50 കിടപ്പുരോഗികളും അവരുടെ കുടുംബവും ചടങ്ങിൽ ഒത്തുചേർന്നു.
പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ആശാവർക്കർമാർ എന്നിവരെയും പ്രളയസമയത്ത് സേവനം അനുഷ്ഠിച്ചവരേയും ആദരിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. യുവധാര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ പി. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ആലുവ നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി എൽദോ, അൽഫോൺസ വർഗീസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ, ജില്ല ആശുപത്രി സൂപണ്ട് കെ. പ്രസന്നകുമാരി, വി.കെ. മുരളി, മഞ്ജു സജി, ടി.എ. ഷറഫുദീൻ, ടി.വി. ജോസഫ് എന്നിവർ സംസാരിച്ചു