കൊച്ചി : എറണാകുളം ജില്ലയിലെ രായമംഗലം പഞ്ചായത്തിൽ വളയൻചിറങ്ങരയിലെ തടാകം സംരക്ഷിക്കാനെന്നപേരിൽ സമീപത്തെ മരങ്ങൾ മുറിക്കുന്നതും തടാകത്തിൽ നിന്ന് ചെളിവാരി സമീപത്തുള്ള പാടം നികത്തുന്നതും തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ജില്ലാ ഭരണകൂടം ഉൾപ്പെടെ എതിർ കക്ഷികളുടെ വിശദീകരണം തേടി. വളയൻചിറങ്ങര സ്വദേശി ഡോ. ആർ.കെ. സോമശേഖരൻ നൽകിയ ഹർജിയിലാണ് നിർദ്ദേശം.

മരങ്ങളിൽ നിന്ന് ഇലയും കമ്പുകളും വീണ് തടാകത്തിലെ വെള്ളം മലിനമാകുന്നത് തടയാനാണ് മരങ്ങൾ വെട്ടുന്നതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും വനം വകുപ്പിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നു ഹർജിയിൽ പറയുന്നു. മരങ്ങൾ വെട്ടിമാറ്റുന്നത് തുടരുകയാണ്. തടാകത്തിനു സമീപത്തെ ഭൂമി ചിലർ കൈയേറിയെന്നും ഹർജിയിൽ ആരോപിക്കുന്നു.

വെട്ടിമാറ്റിയ മരങ്ങൾക്കു പകരം പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കാൻ രായമംഗലം പഞ്ചായത്തിനു നിർദ്ദേശം നൽകണം. അല്ലെങ്കിൽ മരങ്ങൾ വച്ചുപിടിപ്പിക്കാൻ ഹർജിക്കാരനെ അനുവദിക്കണം. തടാകവും ചുറ്റുമുള്ള ഭൂമിയും അളന്നു തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കണം. തടാകത്തിലെ ചെളിവാരിയെടുത്ത് സമീപത്തെ പാടം നികത്തുന്നത് തടയണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്.