plsdtic
പള്ളിക്കരയിലെ പ്ലാസ്​റ്റിക് സംഭരണ കേന്ദ്രത്തിനു മുന്നിൽ കൂടിക്കിടക്കുന്ന വസ്തുക്കൾ.

പള്ളിക്കരയിൽ മാലിന്യം ശാപമായി

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ മാസങ്ങൾക്ക് മുമ്പ് പ്ലാസ്​റ്റിക് സംഭരണം തുടങ്ങിയപ്പോൾ നാട്ടുകാർ ആശ്വസിച്ചു. തുടർ നടപടികൾ കാര്യക്ഷമമാകാത്തതിനാൽ പള്ളിക്കരയിലെ പ്ലാസ്​റ്റിക് സംഭരണ കേന്ദ്രത്തിനു മുന്നിൽ പ്ലാസ്​റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നത് ഇപ്പോൾ നാട്ടുകാർക്ക് ശാപമായി മാറി.

രണ്ടു മാസത്തിലൊരിക്കൽ എല്ലാ വീടുകളിൽ നിന്നും കുടുംബശ്രീ ഹരിതസേന പ്രവർത്തകരാണ് പ്ലാസ്​റ്റിക് സംഭരിച്ചിരുന്നത്. സംഭരിച്ച വസ്തുക്കൾ പഞ്ചായത്ത് വക സംഭരണ കേന്ദ്രത്തിൽ വീണ്ടും വേർതിരിച്ച ശേഷമാണ് സംസ്‌കരണ യൂണി​റ്റിലേക്ക് മാ​റ്റാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിന്റെ പ്രവർത്തനങ്ങളൊന്നും ഇതുവരെ നടപ്പായിട്ടില്ല. പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും സംസ്‌കരിക്കാൻ ബ്രഹ്മപുരം പ്ലാന്റിന്റെ അനുമതി ആവശ്യപ്പെട്ടെങ്കിലും അനുവാദം കിട്ടാത്ത സാഹചര്യത്തിൽ മുഴുവൻ മാലിന്യങ്ങൾ സംഭരിക്കാനും നിർവാഹമില്ലാതായി.

വീടുകളിൽ നിന്ന് സംഭരിച്ച പ്ലാസ്​റ്റിക് വസ്തുക്കൾ പള്ളിക്കരയിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിനു മുന്നിൽ കെട്ടിക്കിടക്കുകയാണ്. പലപ്പോഴും വീട്ടുകാർ നേരിട്ട് മാലിന്യങ്ങൾ ഇവിടെയും കൊണ്ടുവന്നിടുന്നുണ്ട്.സമീപത്തു തന്നെയാണ് പള്ളിക്കര ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത്. മാലിന്യം നീക്കംചെയ്യാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ബ്രഹ്മപുരം പ്ലാന്റിൽ സംസ്കരിക്കാൻ അനുമതിയില്ല

സംഭരണ കേന്ദ്രത്തിനുള്ളിലും ചാക്കുകളിൽ നിറച്ച പ്ലാസ്​റ്റിക് വസ്തുക്കൾ

പള്ളിക്കര ഹോമിയോ ആശുപത്രിക്കും ബുദ്ധിമുട്ട്