കൊച്ചി: സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ആരോഗ്യ, വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് വിശ്വ ശാന്തി ചാാരിറ്റബിൾ ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് രക്ഷാധികാരിയും നടനുമായ മോഹൻലാൽ പറഞ്ഞു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസുമായി സഹകരിച്ച് വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയ്യുന്ന അമൃത-വിശ്വശാന്തി ഹെൽത്ത്കെയർ പദ്ധതി കേരളത്തിന്റെ പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദ്രോഗികളായ കുട്ടികളുടെ ശസ്ത്രക്രിയ പദ്ധതിയാണിത്. ഉത്തർപ്രദേശ്, ബlഹാർ, ജമ്മു ആൻഡ് കാശ്മീർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വ്യാപിപ്പിക്കുന്നത്. ആ പ്രദേശങ്ങളിൽ അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തി അർഹതപ്പെട്ടവരെ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നടന്ന ചടങ്ങിൽ ബിഹാറിൽ നിന്നുള്ള മുഹമ്മദ് കാസിമിന്റെയും ശ്രീബാനുവിന്റെയും മകൾ അഞ്ചുവയസുകാരി സിമ്രാന് പദ്ധതിയുടെ ആദ്യത്തെ ഫിനാൻഷ്യൽ കാർഡ് മോഹൻലാൽ കൈമാറി.
തന്റെ അമ്മയുടെ പിറന്നാളായ ആഗസ്റ്റ് 5നാണ് മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തമ്മയുടെയും പേരിൽ 2015ൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ കാൽവയ്പ്പ് മോഹൻലാൽ തുടക്കമിട്ടത്.
സ്വാമി തുരീയാമൃതാനന്ദപുരി, അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട്, വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ പി.ഇ.ബി മേനോൻ, ചെയർമാൻ ഡോ. എൻ. വാസുദേവൻ, മേജർ രവി, സുരേഷ് ഇടമണ്ണേൽ, അമൃത മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃത പീഡിയാട്രിക് കാർഡിയോളജി മെഡിസിൻ വിഭാഗം തലവൻ ഡോ. ആർ കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.