തൃപ്പൂണിത്തുറ: വനിതാ ഓട്ടോ ഡ്രൈവറായ സുലേഖയും ഏഴ് കൂട്ടുകാരികളും ആദ്യമായി അരങ്ങിലെത്തിയപ്പോൾ പകച്ചു നിന്നില്ല; പരിഭ്രമിച്ചുമില്ല. അടുക്കളയുടെ പുകയിലും ചൂടിലും നിന്ന് അവർ നടന്നു കയറിയത് അത്തച്ചമയനഗരിയിലെ അമേച്വർ നാടക മത്സരത്തിലേക്കും അതുവഴി തിങ്ങിനിറഞ്ഞ കാണികളുടെ മനസ്സിലേക്കും.
നാടകമെന്തെന്ന് അറിയില്ല ഇന്നുവരെ നാലാൾക്കു മുമ്പിൽ അഭിനയിച്ചിട്ടില്ല; മീൻ വിൽപ്പനയും പെട്ടിക്കട കച്ചവടവും വീട്ടുജോലികളും മാത്രം പരിചയിച്ച തെക്കൻ പറവൂർ പുന്നക്കാവെളിയിലെ എട്ടു വീട്ടമ്മമാർ നാടകം കളിക്കാനുള്ള ആഗ്രഹവും കൊണ്ട് നിരന്തരമായ പരിശീലനം നടത്തി ' മുത്ത് ' എന്ന നാടകം രംഗത്ത് അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കയ്യടിയോടു കൂടിയാണ് കാണികൾ അവരെ സ്വീകരിച്ചത്. മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.
നാട്ടിലെയും വീട്ടിലെയും കുന്നായ്മകളും കുസൃതികളും രസകരമായി നാടകരൂപത്തിൽ കോർത്തെടുത്ത് ഇവരെ പരിശീലിപ്പിച്ചത് നാടകപ്രവർത്തകനായ തിലകൻ പൂത്തോട്ടയാണ്. സുലേഖയ്ക്കൊപ്പം ജാൻസി,ഗീത, സജൂ, രത്നവല്ലി, വത്സല, ശോഭ,ഗൗരി എന്നിവർ വേഷമിട്ടു.
അത്തച്ചമയത്തോടുബന്ധിച്ച് നടന്ന അമേച്ചർ നാടക മത്സരത്തിൽ ഇടപ്പള്ളി നാടക പഠനകേന്ദ്രം അവതരിപ്പിച്ച 'ഹരിതമോഹനം' ഒന്നാം സ്ഥാനവും ജനരംഗവേദിയുടെ 'കരിരാവണം' രണ്ടാം സ്ഥാനവും നേടി.
ക്യാപ്ഷൻ
അത്തച്ചമയത്തോടുബന്ധിച്ച് നടന്ന അമേച്ചർ നാടക മത്സരത്തിൽ മുത്ത് ' എന്ന നാടകത്തിൽ സുലേഖയും കൂട്ടരും