കൊച്ചി : പതിനായിരങ്ങളുടെ ജലസ്രോതസായ വേമ്പനാട് കായലിൽ പകർച്ചവ്യാധികൾക്കും രോഗങ്ങൾക്കും കാരണമാകുന്ന ബാക്ടീരിയകളെയും സൂക്ഷ്‌മജീവികളെയും മുൻകൂട്ടി കണ്ടെത്തുന്ന ഗവേഷണ ദൗത്യത്തിൽ വിദ്യാർത്ഥികളും കൈകോർത്തു. ഉപഗ്രഹസാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം മേഖലകളെ കണ്ടെത്തി മുൻകരുതൽ സ്വീകരിക്കുകയാണ് ലക്ഷ്യം.

കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) പഠനത്തിൽ വിദ്യാർത്ഥികളെയും പങ്കാളികളാക്കിയത്. 250 ഓളം വിദ്യാർത്ഥികൾ പഠനവുമായി സഹകരിക്കും. മലേറിയ പോലുള്ള രോഗങ്ങൾ പടർത്തുന്ന വിബ്രിയോ ബാക്ടീരിയകളുൾപ്പെടെ സൂക്ഷ്മജീവികളുടെയും വെള്ളത്തിലെ മറ്റ് ഘടകങ്ങളുടെയും സാന്നിദ്ധ്യം കായലിൽ എവിടെയൊക്കെയെന്ന് കണ്ടെത്തുകയാണ് പദ്ധതി. സംശയം തോന്നുന്ന സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചാണ് സാധാരണ ഇവ തിരിച്ചറിയുന്നത്. ഉപഗ്രഹസാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തുന്ന ഗവേഷണ പദ്ധതിയാണ് വിദ്യാർത്ഥികളുമായി സഹകരിച്ച് നടപ്പാക്കുന്നത്.

# വിവരശേഖരണം ഇങ്ങനെ

കായലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സെക്കി ഡിസ്‌കുകൾ ഉപയോഗിച്ച് വെള്ളത്തിന്റെ നിറവ്യത്യാസങ്ങളെടുക്കും.

അവ വിദ്യാർത്ഥികൾ മൊബൈൽ ആപ്പ് വഴി പങ്കുവയ്ക്കും. വിവരങ്ങൾ എടുക്കുന്ന സ്ഥലത്തെ ചിത്രങ്ങളും പകർത്തും.

അവയെ ഉപഗ്രഹ വിവരങ്ങളുമായി ഒത്തുനോക്കി കൂടുതൽ വ്യക്തത വരുത്തും. ഏതൊക്കെ ഭാഗങ്ങളിലാണ് രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കൂടുതലെന്ന് മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കും.

# 16 കോളേജ്, 250 വിദ്യാർത്ഥികൾ

എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 16 കോളേജുകളിലെ വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ കായലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയത്. സി.എം.എഫ്.ആർ.ഐ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രഫി (എൻ.ഐ.ഒ), നാൻസൻ എൺവയൺമെന്റൽ റിസർച്ച് സെന്റർ ഇന്ത്യ (നെർസി), യു.കെയിലെ പ്ലിമൗത്ത് മറൈൻ ലബോറട്ടറി എന്നിവ സംയുക്തമായാണ് കായലിൽ ഗവേഷണം നടത്തുന്നത്.

# ഇന്തോ യു.കെ സംയുക്ത പദ്ധതി

ജലവിഭവ ഗവേഷണവുമായി ബന്ധപ്പെട്ട് ഇന്തോ യു.കെ സംയുക്ത പദ്ധതിയുടെ ഭാഗമായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും യു.കെയിലെ എൺവയൺമെന്റ് റിസർച്ച് കൗൺസിലും നടപ്പിലാക്കുന്ന ഗവേഷണ പരിപാടിയാണിത്. കഴിഞ്ഞവർഷമാണ് പദ്ധതി തുടങ്ങിയത്.

പഠനം ഡോ എം.എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ദിനേഷ്‌കുമാർ, ഡോ. അജിത് ജോസഫ്, ഡോ. ടി.വി. സത്യാനന്ദൻ, ഡോ. ശ്യാംകുമാർ, ഡോ. അനസ് അബ്ദുൽ അസീസ്, ഡോ. ഗ്രിൻസൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

# പൊതുജന പങ്കാളിത്തം അപൂർവം

അടുത്ത ഘട്ടത്തിൽ കായലിന് സമീപം താമസിക്കുന്ന നാട്ടുകാരെയും സന്നദ്ധപ്രവർത്തകരെയും പഠനത്തിന്റെ ഭാഗമാക്കും. മത്സ്യസമുദ്രപഠന മേഖലയിൽ പൊതുജന പങ്കാളിത്തത്തോടെ ഗവേഷണങ്ങൾ നടത്തുന്നത് ഇന്ത്യയിൽ തന്നെ വളരെ അപൂർവമാണ്.

ഡോ. എ. ഗോപാലകൃഷ്ണൻ

ഡയറക്ടർ

സി.എം.എഫ്.ആർ.ഐ