ksrtc
മൂവാറ്റുപുഴ കെ എസ് ആർ ടി സി ഡിപ്പോയിലെ ബസ് ഡ്രെെവറായ ടി.എ. സുരേന്ദ്രന് ബസിൽ വെച്ച് ഉപഹാരം സമ്മാനിക്കുന്നു

മൂവാറ്റുപുഴ: വെല്ലിംഗ്ടൻ ഐലന്റിലേക്ക് പതിവായി സർവീസ് നടത്തുന്ന നോൺ എ.സി വോൾവോ ബസ് ഇന്നലെ അതിരാവിലെ അണിഞ്ഞൊരുങ്ങി സുന്ദരിയായിരുന്നു. ബസിനകം നിറയെ ബലൂണുകളും മറ്റുംകൊണ്ട് അലങ്കരിച്ചിരുന്നു. രാവിലെ 6.40ന് പുറപ്പെടുന്ന ബസിലെ യാത്രക്കാരെല്ലാം പതിവിലും നേരത്തെയെത്തി ബസിൽ കയറിയിരുന്നു. റൂട്ടിലെ സ്ഥിരം ഡ്രൈവറായ ടി.എ. സുരേന്ദ്രൻ ഭാര്യ നീനയുമായെത്തി യാത്രക്കാരുടെ സീറ്റിലിരുന്നു. ഈ സമയം യൂണിഫോമണിഞ്ഞ് മറ്റൊരുഡ്രൈവറും കണ്ടക്ടറുമെത്തി. ഡിപ്പോയിൽ മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ ബസ് കാത്തുനിന്നവർ ഇതെല്ലാം കണ്ട് അമ്പരന്ന് നിൽക്കുകയായിരുന്നു. വോൾവോ ബസിനകത്ത് മധുരപലഹാര വിതരണം തുടങ്ങിയപ്പോഴാണ് മനസിലായത് തങ്ങളുടെ പ്രിയപ്പെട്ട ഡ്രൈവർ സുരേന്ദ്രനുള്ള സ്നേഹോഷ്മള യാത്രഅയപ്പ് ചടങ്ങിന്റെ തുടക്കമാണെന്ന്. ഇവിടെ തുടങ്ങിയ സ്വീകരണം ഐലന്റ് വരെ നീണ്ടു. ആറുമാസ ഐലൻഡ് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയാണ് ഈ സ്നേഹോഷ്മള യാത്രഅയപ്പിന് തുടക്കംകുറിച്ചത്.

19 വർഷത്തെ സർവീസുള്ള ഡ്രെെവർ സുരേന്ദ്രൻ ഈ മാസം 31ന് ആണ് വിരമിക്കുന്നത്. അതുവരെ കൃത്യമായി ഡ്യൂട്ടിയിലുണ്ടാകും.

കഴിഞ്ഞ നാലുവർഷമായി സ്വിരമായി ഈ റൂട്ടിലെ ഡ്രെെവറാണ് സുരേന്ദ്രൻ. ഡ്യൂട്ടിക്കെത്തുന്ന സുരേന്ദ്രന്റെ ബാഗിൽ തന്റെ കൂടെ ഡ്യൂട്ടിയിലുള്ള കണ്ടക്ടറുടെ ഭക്ഷണവും പതിവായി ഉണ്ടാകും. സൗമ്യസ്വഭാവക്കാരനായ സുരേന്ദ്രൻ യാത്രക്കാരു‌ടെ പ്രിയപ്പെട്ടവനാണ്. സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെ യാത്രക്കാരുടെ മനം കവർന്ന ഈ ഡ്രൈവർ പിരിഞ്ഞുപോകുന്നുവെന്നത് യാത്രക്കാരെ നൊമ്പരപ്പെടുത്തുന്നു. മൂവാറ്റുപുഴ ഡിപ്പോയിലെ ജീവനക്കാരുടെ ഉപഹാരം കൺട്രോളിംഗ് ഇൻസ്പെക്ടർ പി.ബി. ബിനു സമ്മാനിച്ചു. തുടർന്ന് മെഡിക്കൽ ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ് യാർഡ്, നേവൽബേസ്‌ തുടങ്ങിയിടങ്ങളിൽ ജോലി ചെയ്യുന്ന സ്ഥിരം യാത്രക്കാരുടെ വക ആഘോഷം ഐലന്റ് വരെ തുടർന്നു.